കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽനിന്നു നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം ആണെന്ന ആരോപണവുമായി കെ.ബാബു എംഎൽഎ. ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ പോയതെന്നും ബാബു പറഞ്ഞു. റോഡ് ഉപരോധിച്ചതിനെതിരെ രംഗത്തെത്തിയ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തകർത്ത കേസിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളിൽ ഒരാളെ അറസ്റ്റു ചെയ്തെങ്കിലും ബാക്കിയുള്ളവരുടെ അറസ്റ്റ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജോജുവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചത്. നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുതീർപ്പു ശ്രമം. എന്നാൽ തന്റെ കാർ നന്നാക്കി നൽകുകയും അവഹേളിച്ച കോൺഗ്രസ് പരസ്യമായി മാപ്പു പറയുകയും വേണമെന്നു ജോജു ആവശ്യപ്പെട്ടു.
ഇതോടെയാണ് ഒത്തുതീർപ്പു നീക്കത്തിൽനിന്നു കോൺഗ്രസ് പിന്മാറിയത്. അറസ്റ്റിലായ പ്രതിയുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ ജോജു ശ്രമിക്കുകയും ചെയ്തു. ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം നടത്തുകയായിരുന്നെന്നു കെ.ബാബു പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്നു പൊലീസ് പറയണം.
ഫാൻസി നമ്പർ പ്ലേറ്റ് കാറിൽ ഘടിപ്പിച്ചതിന് മോട്ടർ വാഹന വകുപ്പ് കേസ് എടുത്തിട്ടുണ്ട്. ജോജു മാന്യത ചമയരുത്. സിനിമാ ഷൂട്ടിങ്ങുകൾ പലതും ഗതാഗതം തടസ്സപ്പെടുത്തി ചെയ്യാറുണ്ട്. നിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം നടത്തില്ലെന്നു കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥയെന്നും ബാബു ചോദിച്ചു.
Leave a Reply