എണ്‍പതോളം തിമിംഗലങ്ങള്‍ കൂട്ടമായി ഇര തേടുന്നതിന്റെ മനോഹരവും അത്യപൂര്‍വവുമായ വീഡിയോ ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ സഫയര്‍ തീരത്തുനിന്നാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂനന്‍ തിമിംഗലങ്ങളാണ് ഇത്തരത്തില്‍ ജലോപരിതലത്തില്‍ ഉയര്‍ന്നും താഴ്ന്നും ഇരയെ തേടുന്നത്.

ഇത്തരം കാഴ്ച്ച അപൂര്‍വമാണെന്ന് തിമിംഗലത്തെക്കുറിച്ചുള്ള പഠിക്കുന്ന ഡോ. വനേസ പിറോട്ട പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെ വേട്ടയാടല്‍ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ കടലില്‍ ചിത്രീകരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ സഫയര്‍ തീരത്ത് എത്തിയത് എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.

ഇവയുടെ ഇര പിടിക്കല്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വല വിരിച്ചാണ് കൂനന്‍ തിമിംഗലം ഇരപിടിക്കുന്നത്. സ്വയം ഉല്‍പാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഈ കുമിളകളുടെ ശൃംഖലയിലേക്ക് ചെറുമീനുകള്‍ എത്തിപ്പെടും. ക്രില്‍ എന്നു പേരുള്ള ചെമ്മീന്‍ അടക്കമുള്ള ചെറു മത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം.

പല്ലിന് പകരം വായില്‍ അരിപ്പ പോലെ ഒരുതരം നാരുകള്‍ ആണ് ഇവയ്ക്കുള്ളത്. കടലില്‍ വലിയ വായ് തുറന്നിരിക്കുമ്പോള്‍ വെള്ളവും ഭക്ഷണവും ഒരുമിച്ചു വായ്ക്കകത്താകുകയും അതിനു ശേഷം ഈ അരിപ്പ പോലുള്ള പല്ലുകള്‍ക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു. ഈ തീറ്റ തേടല്‍ വിദ്യയിലൂടെ തിമിംഗലങ്ങളുടെ വായിലേക്ക് വലിയ അളവിലാണ് ചെറുമീനുകള്‍ ചെല്ലുന്നത്. ഇങ്ങനെ ഒരുപാടു തിമിംഗലങ്ങള്‍ ചേര്‍ന്ന് ഇരയ്ക്കുള്ള കെണി തീര്‍ക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രീകരിച്ചത്.

  സൂപ്പർ ആയി കിങ്‌സ്, ഐപിഎൽ കിരീടം ചെന്നൈ നേടി

ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം തിമിംഗല കൂട്ടങ്ങള്‍ ഇവിടെ എത്തിയതിന്റെയും അവ ഇര തേടുന്നതിന്റെയും ദൃശ്യങ്ങള്‍ ആദ്യമായി ചിത്രീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം തിമിംഗലങ്ങള്‍ എത്തിയ അതേ സ്ഥലത്താണ് ഇപ്പോള്‍ അവ വീണ്ടും എത്തിയത്. ഈ പ്രദേശത്തെ സമുദ്രാന്തരീക്ഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നു പഠിക്കേണ്ടതുണ്ടെന്നു ഡോ. വനേസ പിറോട്ട പറഞ്ഞു.

രണ്ടാം വര്‍ഷവും തിമിംഗലങ്ങള്‍ ഈ ഭാഗത്തേക്ക് എത്തിയത് ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും ഈ പഠനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.
അന്റാര്‍ട്ടിക്ക ഭാഗത്തുള്ള ഇവ തീറ്റ തേടിയാണ് ഇവിടെ എത്തിയത്. തിരിച്ച് അന്റാര്‍ട്ടിക്കയിലേക്ക് മടങ്ങുന്നതിനുമുമ്പാണ് ഗവേഷകര്‍ക്ക് ഈ വീഡിയോ ചിത്രീകരിക്കാനായത്. തിമിംഗല വേട്ട നിരോധിച്ച ശേഷം ഹമ്പ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. വനേസ പറഞ്ഞു. ഓരോ വര്‍ഷവും ഏകദേശം 11 ശതമാനമായി ഇവയുടെ ജനസംഖ്യ വര്‍ധിക്കുന്നു. 35,000-ത്തിലധികം ഹമ്പ്ബാക്ക് തിമിംഗലങ്ങളാണ് ഇപ്പോഴുള്ളത്.

തിമിംഗലം ഇര പിടിക്കുന്നതിന്റെ ദൃശ്യം

ശാസ്ത്രജ്ഞരും വന്യജീവി ടൂര്‍ ഓപ്പറേറ്റര്‍മാരായ സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്സുമാണ് ഈ അത്യപൂര്‍വ വീഡിയോ പകര്‍ത്തിയത്. ഇത് വളരെ ആവേശകരമായിരുന്നുവെന്ന് സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്‌സില്‍ നിന്നുള്ള സൈമണ്‍ മില്ലര്‍ പറഞ്ഞു.വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ അവ ബോട്ടിന് നേരെ വരികയും ബോട്ടിനടുത്ത് എത്തി കുതിക്കാനും ആരംഭിച്ചു. അതിനാല്‍ അവയെ അടുത്തുനിന്നു കാണാന്‍ സാധിച്ചു. വലിയ തിമിംഗലത്തിന് ഒരു ബസിന്റെ വലിപ്പവും ഒരു കുഞ്ഞ് തിമിംഗലത്തിന് കാറിന്റെ വലുപ്പവുമുണ്ടെന്നു നിങ്ങള്‍ക്കു കാണാം-സൈമണ്‍ പറഞ്ഞു.