ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരള കോണ്ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കെ.എം.മാണിയുടൈ മരണ ശേഷം പാർട്ടി പിളർന്നതും, യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു.എന്നാൽ, ഇത് സംംബന്ധിച്ച് ചർച്ചകൾ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥീരീകരണം നല്കിയിരുന്നില്ല.
ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തെ തുടക്കം മുതൽ എതിർത്ത സിപിഐയുടെ നിലപാടും കാര്യങ്ങൾ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എൽഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തിരുന്നു.
എന്നാൽ, പിന്നീട് നടന്ന ചർച്ചകളിൽ സിപിഐ അയഞ്ഞുവെന്നും മുന്നണി പ്രവേശനം സാധ്യമാകുമെന്നും വാർത്തകൾ വന്നു. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തോട് ഇടത് അണികളിൽ പ്രത്യേകിച്ച് സിപിഐ അണികളിൽ ശക്തമായ വിരുദ്ധ വികാരമാണുള്ളത്.
ബാർകോഴ കേസിൽ ഇടതു മുന്നണി നടത്തിയ സമരങ്ങൾ അത്രപെട്ടന്ന് മറക്കാനാകില്ലന്ന് സിപിഐ നേതൃത്വം ആവർത്തിക്കുന്നു. ഏറ്റവുമൊടുവിൽ 10ാം തീയതിക്ക് ശേഷവും ജോസ് വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. കോട്ടയം കേന്ദ്രീകരിച്ചുള്ള ചില സിപിഎം സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രമാണ് നീക്കങ്ങൾക്കു പിന്നില്ലെന്നും സിപിഐ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ പച്ചക്കൊടി വീശിയിരുന്നു. ബാർകോഴ കേസിലെ സമരങ്ങൾ കെ.എം.മാണിയെ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന എൽഡിഎഫ് കണ്വീനർ എ.വിജയരാഘവന്റെ പ്രസ്താവനയും അതിനേ, പിന്തുണക്കുന്ന തരത്തിലുള്ള, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുമെല്ലാം ഇതിന്റെ മുന്നോടിയായരുന്നുവെന്നാണ് വിലയിരുത്തൽ.
തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ എൽഡഎഫിലേക്ക് എന്ന നിലപാടാണ് ജോസ് കെ.മാണി പ്രഖ്യാപിക്കുന്നത് എങ്കിൽ വരും ദിവസങ്ങളിലും നിർണായകമായ പല തീരുമാനങ്ങൾക്കും ചർച്ചകൾക്കും രാഷ്ട്രീയ കേരളം സാക്ഷിയാകുമെന്നുറപ്പ്.
ജോസ് വിഭാഗം ഇടതിനൊപ്പം ചേർന്നാൽ തദ്ദേശ- നിയമസഭാ തെരഞ്ഞൈടുപ്പിലെ സീറ്റ് നിർണയങ്ങളിൽ പോലും തർക്കവിതർക്കങ്ങൾക്ക് സാധ്യതകൾ ഏറെയാണ്.
Leave a Reply