തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: ദേവാലയത്തിന് അന്ത്യ വന്ദനവും, പ്രിയ ജനത്തിന് അന്ത്യ യാത്രാ മൊഴിയുമേകി ജോസ് കണ്ണങ്കര എന്നന്നേക്കുമായ് വിടചൊല്ലി.. ഇനി നൂറ് കണക്കിന് ജനഹൃദയങ്ങളിൽ സ്നേഹ നൊമ്പരമായി അദ്ദേഹം കുടികൊള്ളും.അടൂരിലെ നെല്ലിമുകൾ ഗ്രാമത്തിൽ നിന്നു തുടങ്ങിയ ആ ജീവീത യാത്ര…. കേവലം അഞ്ചര പതിറ്റാണ്ടുകൾക്കിപ്പുറം ഈ വിദേശ മണ്ണിലും തന്റെ വിശാസം നന്നായി സംരക്ഷിച്ച്, ഓട്ടം പൂർത്തിയാക്കി ലിവർപൂളിലെ അലർട്ടൺ സിമിത്തേരിയിൽ ഇതാ അന്ത്യ വിശ്രമം കൊള്ളുകയായി..
വലിയ സൗഹൃദം സമ്മാനിച്ച ആ മിഴികൾ പൂട്ടി, ആ വലിയ സഹായ ഹസ്തങ്ങൾ കൂപ്പി,ഇനിയൊരു തിരിച്ചുവരവില്ലാതെ മൂകമായ ഭാഷയിൽ വിട പറഞ്ഞു പോകുക യായിരുന്നു ഏവരുടെയും പ്രിയപ്പെട്ട ജോസേട്ടൻ. കഴിഞ്ഞ ഒരാഴ്ചക്കാലമായിട്ട് ,ലിവർപൂൾ ശോക സാന്ദ്രമാണ്. അതെ, നിനച്ചിരിക്കാത്ത നേരത്തായിരുന്നു ലിവർപൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിന് അവിശ്വാസനീയമാം വിധം ആ മരണവാര്‍ത്ത പരന്നത്. തങ്ങളുടെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്കു കാണുവാനെങ്കിലും കഴിയാത്തതിൽ ഇരട്ടി ദു:ഖമാണ് ഇന്നലെയിവിടെ അലയടിച്ചത്. കോവിഡ് വരുത്തി തീർത്ത നൂലാമാലകളിൽ കുടുങ്ങി പോയത് നൂറു കണക്കിന് പേരുടെ അന്ത്യോപചാരമാണ്. കർക്കശമായ നിബന്ധനകളാൽ നടത്തപ്പെടേണ്ടി വന്ന സംസ്കാര ശുശ്രൂഷകൾ ഒതുക്കപ്പെടേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഒരു വൻ ജനാവലി ഈ സഹൃദയനെ അന്ത്യാഞ്ജലിയുമായിവലയം ചെയ്യുമായിരുന്നു. അത്ര മേൽ ഓരോ ഹൃദയത്തിലും ഇടം പിടിച്ചിരുന്നു, നെല്ലിമുകൾ ഗ്രാമത്തിൽ നിന്നും ഇവിടെ പറന്നെത്തിയ ഈ പച്ചയായ മനുഷ്യൻ. മതങ്ങൾക്കും അതുപോലെതന്നെ ഒരു സംഘടനകൾക്കും മുൻതൂക്കം കൊടുക്കാതെ, സ്നേഹ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ച വ്യക്തിത്വമായിരുന്നു ജോസ് കണ്ണങ്കരയുടേത്. പെടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗം അടുത്തറിഞ്ഞ ആർക്കും
ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
ഇന്നലെ ഉച്ചക്ക്12 മണിയോടുകൂടി ജോസ് കണ്ണങ്കരയുടെ മൃതശരീരം ബിർകെൻഹെഡിലുള്ള ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറകട്ടേഴ്സിൽ നിന്നും കുടുംബാംഗങ്ങളുടെയും, ആത്മ സുഹൃ ത്തുക്കളുടെയും അകമ്പടിയോടെ ലിവർപൂളിലെത്തിച്ചേർന്നു.. ദീർഘകാലം തന്റെ പ്രിയപ്പെട്ട സൂസനോടും ,ഏക മകളായ രേഷ്മയോടുമൊപ്പം വസിച്ചിരുന്ന 35 കാപ്രിക്കോൺ ക്രസന്റിലെ ഭവനത്തിന് മുന്നിൽ ഏതാനും നിമിഷത്തെ പ്രാർത്ഥനകൾക്ക് ശേഷം ലിതർലാൻഡിലെ ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് യാത്രയായി..അവിടെയെത്തിച്ചേർന്ന മൃതശരീരം ജോസിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് റ്റോമി നങ്ങച്ചിവീട്ടിലും ആത്മ സുഹൃത്തുക്കളും ചേർന്ന് ദേവാലയത്തിലേക്ക് ആനയിച്ചു. ഒരു മണിക്ക് ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷകൾക്ക് , ലിവർപൂൾ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ .എൽദോ വർഗ്ഗീസ് മുഖ്യ കാർമ്മികത്വം വഹിച്ചു. സീറോമലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മോൺ. വെരി. റവ. ഫാദർ ജിനോ അരീക്കാട്ട്, ലിതർലാൻഡ് ഇടവക വികാരി റവ. ഫാ.ആന്ഡ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരുന്നു. ലിവർപൂൾ ഇൻഡ്യൻ ഓർത്തഡോക് പള്ളി സെക്രട്ടറി സുനിൽ മാത്യു, ലിൻസ് അയനാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയുണ്ടായി. ശുശ്രൂഷകളുടെ ആരംഭ വേളയിൽ ജോസിന്റെ ഏകമകൾ രേഷ്മ ജോസ് തന്റെ പ്രിയപ്പെട്ട ഡാഡിയെ കുറിച്ച് എഴുതി തയ്യാറാക്കിയ ഹൃദയസ്പർശിയായ സ്മരണകൾ എല്ലാ മിഴികളിലും നനവ് പടർത്തുകയായിരുന്നു.
സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മോൺ. റവ.ഫാദർ. ജിനോ അരീക്കാട്ട് ചരമ പ്രസംഗം
നടത്തി.. തുടർന്ന് ലിവർപൂൾ സമൂഹത്തിനു വേണ്ടി സീറോ മലബാര്‍സഭ ലിതർലാൻഡ് ഇടവക
ട്രസ്റ്റി മാനുവൽ ചെറുകരകുന്നേൽ, ഇന്ത്യൻ ഓർത്തഡോക്സ് കമ്മൃണിറ്റിക്ക് വേണ്ടി സെക്രട്ടറി സുനിൽ മാത്യു ,
ഇന്ത്യൻ ഓർത്തഡോക്സ് യുവജന പ്രസ്ഥാന സെക്രട്ടറി സിറിൽ ജോൺ എന്നിവർ അനുശോചനാ പ്രസംഗങ്ങൾ
നടത്തുകയുണ്ടായി. കൂടാതെ ലിവർപൂളിലെ വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ജോസിന്റെ
മൃതദേഹത്തിൽ പുഷ്പ ചക്രങ്ങൾ സമർപ്പിച്ചു .ലിതർലാൻഡ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ ഏവരുടെയും ആത്മ മിത്രമായ ജോസ് കണ്ണങ്കരയുടെ മൃതദേഹം ലിവർപൂളിലെ പ്രശസ്തമായ അലർട്ടൺ സെമിത്തേരിയിൽ എത്തിച്ചേർന്നു. ഫാ.എൽദോ വർഗ്ഗീസിന്റെ
മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട സമാപന പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണ് ആദരപൂർവം ഏറ്റുവാങ്ങി …ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ലൈവ് സ്ട്രീമിലൂടെ മാത്രം കാണുവാൻ കഴിയേണ്ടി വന്ന ലിവർപൂളിലെ മലയാളി സമൂഹം ഇങ്ങനെ മന്ത്രിക്കുന്നുണ്ടാവും, “ജോസേട്ടാ… ഞങ്ങൾക്ക് സമർപ്പിക്കാൻ കണ്ണീർ വീണ് ആർദ്രമായ ഈ സ്നേഹദളങ്ങൾ മാത്രം.. അപാരതയുടെ തീരത്ത് അങ്ങയുടെ പുഞ്ചിരിക്കുന്ന മുഖം ഞങ്ങളെ ഉറ്റു നോക്കുന്നുണ്ടാവാം…..നിത്യ ശാന്തിയിൽ വസിച്ചാലും….”.
Leave a Reply