സിനിമയിലുള്ളവര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും മീ ടുവുമായി രംഗത്തുവരുന്നുണ്ട്. 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നിഷാ ബാബുവാണ്. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍.

ഏഷ്യാനെറ്റിന്റെ പുളിയകോണം സ്റ്റുഡിയോയില്‍ 1997മുതല്‍ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റില്‍ ജോലിയെടുത്തത്. ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരനായിരുന്നു. 2000ല്‍ സുരേഷ് മരണപ്പെട്ടു. ഇതോടെയാണ് നിഷാ ബാബുവിന് ഏഷ്യാനെറ്റില്‍ മോശം അനുഭവം ഉണ്ടായത്.

ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നു നിഷാ ബാബുവിന്. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി. നിഷാ ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. ഏഷ്യാനെറ്റ് പരാതികളില്‍ നടപടിയെടുത്തില്ലെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലടങ്ങളില്‍ അനുഭവിക്കുന്ന പീഡനമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്നു നിഷ. ഭര്‍ത്താവിന്റെ മരണശേഷം സഹപ്രവര്‍ത്തകരില്‍ പലരുടേയും നിലപാടില്‍ മാറ്റം വന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. ഓഫീസിലെ സീനിയേഴ്സ് പലരും പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ കാണുന്ന നിലയിലേക്ക് എത്തി. അതില്‍ പലതും വള്‍ഗറായി. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്നു എംആര്‍ രാജന്‍. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജന്‍. രാജനോടായിരുന്നു ഏഷ്യാനെറ്റില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്.

ഭര്‍ത്താവിന്റെ മരണത്തിന്റെ തുടക്ക കാലത്ത് തന്നെ കൂടുതലായി ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടപെടലിന്റെ സ്വഭാവം മാറി. എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും അയാള്‍ തുടങ്ങിയെന്നാണ് നിഷ ആരോപിക്കുന്നത്.

ഇതെല്ലാം സഹികെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ അതിനെ അതിശക്തമായി തന്നെ എതിര്‍ത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാന്‍ അയാള്‍ തുടങ്ങി. പരിപാടികളും ശമ്പള വര്‍ദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. പലപ്പോഴും നിശാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഓഫീസിന് പുറത്തിറങ്ങേണ്ട സ്ഥിതിയും ഉണ്ടായി. അയാള്‍ക്ക് വഴങ്ങാത്തതു കൊണ്ട് മാത്രമായിരുന്നു ഇത്. മറ്റ് പലരില്‍ നിന്നും ഇത്തരം അനുഭവങ്ങളുണ്ടായി.

മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവപ്രദര്‍ശനക്കമ്ബം പ്രകടിപ്പിക്കുകയും ചെയ്തു. ദിലീപിന്റെ ഇടപെടലുകളെ ഭീതിയോടെയാണ് പലപ്പോഴും കണ്ടത്. അയാളുടെ ദൃഷ്ടിയില്‍ നിന്ന് മാറി നടക്കേണ്ടി വന്ന ദുരവസ്ഥയും അവര്‍ വിശദീകരിക്കുന്നുണ്ട്.

ഏഷ്യാനെറ്റിലെ എഞ്ചിനിയറായിരുന്ന പത്മകുമാറില്‍ നിന്നും സമാന അനുഭവം ഉണ്ടായെന്നും നിഷ പറയുന്നു. ദേഹത്ത് തൊടാനും അഭിമാനമില്ലാതെ ലൈംഗിക താല്‍പ്പര്യങ്ങള്‍ തുറന്നു പറയാനും പത്മകുമാര്‍ ശ്രമിച്ചുവെന്നാണ് വിശദീകരിക്കുന്നത്. ഇതൊക്കെ സഹിക്കവയ്യാതെ വന്നപ്പോള്‍ 2014ല്‍ ജോലി ഉപേക്ഷിച്ചെന്നാണ് നിഷയുടെ വെളിപ്പെടുത്തല്‍.