നിയമവിരുദ്ധമായി തങ്ങളുടെ വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേസെടുത്ത ഇ ബുള്‍ജെറ്റ് സഹോദരന്മാരെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ആസൂത്രിതമായി തങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് പൊലീസ് സ്റ്റേഷനില്‍ ലൈവ് വീഡിയോ ചിത്രീകരിച്ചത് പ്രശ്‌നം വലിയ വിവാദമാക്കി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതിനിടയില്‍ ഇ ബുള്‍ ജെറ്റിനെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു ആരാധകന്‍ സുരേഷ് ഗോപി എംപിയെ വിളിക്കുകയും ചെയ്തു. ഇതിന് അദ്ദേഹം നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലാണ്. സംഭവത്തെ കുറിച്ച് വ്യക്തമായി മനസിലായില്ലെങ്കിലും, ഏകദേശ രൂപം കിട്ടിയ സുരേഷ്, താന്‍ ചാണകമല്ലേയെന്നും നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ എന്നും പരാതിക്കാരന് മറുപടി നല്‍കി.

വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ആക്കി തങ്ങളുടെ ‘ഇ ബുള്‍ ജെറ്റ്’ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നതാണ് ഇവരുടെ രീതി. വരുമാനം വര്‍ദ്ധിച്ചതോടെ വാഹനത്തില്‍ അപകടകരമായ രീതിയിലുള്ള മാറ്റമാണ് ഇ ബുള്‍ ജെറ്റ്’ സഹോദരന്മാര്‍ വരുത്തിയത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും കേസെടുക്കുകയുമായിരുന്നു. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴയുമിട്ടു.