ഇടുക്കി: തെറ്റ് ആരു ചെയ്താലും അവരെ ഒരു പാഠം പഠിപ്പിക്കാനൊരുങ്ങി ഇടുക്കിക്കാരൻ പയ്യൻ. അതിപ്പോൾ ആരായിരുന്നാലും ഇടുക്കിക്കാർക്ക് അത് ഒരു തടസമല്ല. ഇന്റർനെറ്റ് ലോകത്തെ ഭീമനായ ഗൂഗിലിനെയാണ് ഇടുക്കിക്കാരൻ പയ്യൻ പഠിപ്പിച്ചത് എന്നുമാത്രം. ഗൂഗിളിന്റെ പിഴവ് ചൂണ്ടികാട്ടി ഐടി ലോകത്തെ പുതിയ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് സ്വദേശിയായ 16 വയസുകാരന്‍. ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തേര്‍ഡ്ക്യാമ്പ് കിഴക്കേ മുറി ജൂബിറ്റ് ജോണ്‍. ഗൂഗിളിന്റെ പിഴവ് ചൂണ്ടി കാട്ടുന്നതിന് നല്‍കുന്ന അംഗീകാരമാണിത്. കേരളത്തില്‍ നിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇതുവരെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ജിമെയില്‍ സംവിധാനത്തിലെ ഒരു പിഴവിലൂടെ ആരുടെ അക്കൗണ്ടും ഹാക്ക് ചെയ്യപെടാമെന്ന് ജൂബിറ്റ് ഗൂഗിളിനെ അറിയിക്കുകയായിരുന്നു.

ഇത്തരത്തില്‍ മെയില്‍ ഹാക്ക് ചെയ്താല്‍ ജിമെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് ഐഡികള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തികൊണ്ടു പോകുവാന്‍ സാധിക്കുമായിരുന്നു. ഗൂഗിള്‍ അവകാശപെടുന്ന ഗൂഗിള്‍ സംവിധാനത്തിന്റെ സ്വകാര്യത ഇല്ലായ്മ ചെയ്യുവാന്‍ കഴിയുമെന്ന ജുബിറ്റിന്റെ കണ്ടെത്തല്‍ ഗൂഗിള്‍ അംഗീകരിക്കുകയും ഇതു പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ വര്‍ണബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമിലൂടെയാണ് ജുബിറ്റ് തെറ്റ് ചൂണ്ടികാട്ടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗൂഗിളിന്റെ സേര്‍ച്ച് എന്‍ജിന്‍, ജിമെയില്‍, വിവിധ ആപ്പുകള്‍ തുടങ്ങിയവയുടെ പിഴവുകള്‍ ചൂണ്ടി കാട്ടുന്നതിനായി നടത്തുന്ന പ്രോഗ്രാമാണിത്. ഒരു പിഴവ് വിശദാംശങ്ങള്‍ സഹിതം ചൂണ്ടികാട്ടിയാല്‍ ഗൂഗിളിന്റെ വിദഗ്ദ്ധ ടീം പരിശോധിക്കുകയും ചൂണ്ടികാട്ടിയ വിവരങ്ങള്‍ കൃത്യവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണെങ്കില്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. നൂറോളം പേജുകളുള്ള പട്ടികയില്‍ 49ാം പേജിലാണ് ജുബിറ്റിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിമെയിലുമായി ബന്ധപെട്ട ഒരു ബഗാണ് ജൂബിറ്റ് റിപ്പോര്‍ട്ട് ചെയ്തത്. പിഴവ് പരിഹരിക്കാനുള്ള നടപടികളിലാണ് ഗൂഗിള്‍. കണ്ടെത്തലിന് റിവാര്‍ഡ് നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. പിഴവ് കണ്ടെത്തുന്നവര്‍ക്ക് 10000 മുതല്‍ 33000 ഡോളര്‍ വരെയാണ് റിവാര്‍ഡ് നല്‍കുക. ഇന്റര്‍നെറ്റ് രംഗത്തെ പ്രമുഖരായ ഫേസ്ബുക്ക്, യാഹൂ, െമെക്രോസോഫ്റ്റ് എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ ബഗ് ബൗണ്ടി പ്രോഗ്രാമുകള്‍ ഉണ്ട്.

തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ജുബിറ്റ് ജിമെയിലുമായി ബന്ധപെട്ട വര്‍ണബിലിറ്റി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. തൂക്കുപാലത്ത് കിഴക്കേമുറി ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുന്ന സിബിയുടേയും ജെസിയുടേയും മകനാണ്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ജെറിന്‍ ഏക സഹോദരനാണ്.