കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ഹൈക്കോടതി മാറ്റി നൽകാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രോസിക്യൂട്ടർക്ക് ചേർന്നതായില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഇതുകൊണ്ടുള്ള നഷ്ടം ഇരയ്ക്കാണ്. എന്നാൽ ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയോ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയോ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു. ദുരഭിമാനമായിരുന്നു ഇവിടെ പ്രശ്നമെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസുകളിൽ നേരത്തെ വിശദീകരിച്ചിട്ടുള്ളതു പോലെ ഒരു പ്രോസിക്യൂട്ടറുടെ ജോലി കോടതിയെ സത്യം കണ്ടെത്താൻ സഹായിക്കലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് ശിക്ഷ നേടിക്കൊടുക്കുക പ്രോസിക്യൂട്ടറുടെ ജോലിയല്ല. സ്പെഷൽ പ്രോസിക്യൂട്ടർ വിചാരിച്ചതു പോലെ ഒരു വിധി ഹൈക്കോടതിയിൽനിന്നു വന്നില്ല, മാറ്റണം എന്ന് പറ‍ഞ്ഞിട്ട് മാറ്റിയില്ല. ആ കാരണം കൊണ്ട് പ്രതിഷേധമെന്ന പോലെ രാജിവച്ച് പോകുക എന്നത് പ്രതിബദ്ധതയുള്ള പ്രോസിക്യൂട്ടർക്ക് ചേർന്നതല്ല. സ്വന്തം താൽപര്യമല്ല അവിടെ നോക്കണ്ടത്, സമൂഹത്തിന്റെ താൽപര്യമാണ്. അങ്ങനെയുള്ള ഒരാൾ ഇതു ചെയ്യില്ല.

ഇത്രയും നാൾ ഇദ്ദേഹം പഠിച്ച്, നിശ്ചിത രീതിയിൽ കേസ് നടത്തിക്കൊണ്ടുപോയിട്ട് ഇനി വേറൊരാൾ വരുമ്പോൾ തുടർന്നു വന്ന രീതിയായിരിക്കില്ല അദ്ദേഹത്തിന്റേത്. വളരെ വ്യത്യാസമുണ്ടാകും. സമൂഹത്തോടും ഇരയോടും അൽപമെങ്കിലും താൽപര്യം ഉണ്ടായിരുന്നെങ്കിൽ രാജിവച്ച് പോകാൻ പാടില്ലായിരുന്നു. കേസ് കളഞ്ഞിട്ടു പോകുകയെന്നത് ചെയ്യാൻ പാടുള്ളതല്ല. മനസിലാക്കിയതുവച്ച് ഈ ആളുടെ ജൂനിയർ ആയിരുന്നു വനിതാ ജഡ്ജി. ജൂനിയർ അദ്ദേഹം വിചാരിച്ചതു പോലെ പ്രവർത്തിച്ചില്ല എന്നതിന്റെ പരിഭവം ഉണ്ടാകാം. അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യമാണ്. ഈഗോയാണ് ഇത്.

ഇരയാക്കപ്പെട്ടവർക്കും പ്രതികൾക്കുമാണ് ഈ കേസിൽ താൽപര്യമുള്ളത്. ഇവിടെ നിഷ്പക്ഷമായിനിന്ന് നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കുകയായിരുന്നു പ്രോസിക്യൂട്ടർ ചെയ്യേണ്ടിയിരുന്നത്. കോടതിയിൽ പ്രോസിക്യൂഷന് സഹായകരമായ തെളിവുകൾ സംഘടിപ്പിച്ച് കൊടുക്കണം. അതാണ് പ്രോസിക്യൂട്ടറുടെ ജോലി, തെളിവുണ്ടാക്കി കൊടുക്കുകയല്ല. ഏതെങ്കിലും രീതിയിൽ തെളിവു നിർമിച്ചോ കള്ളത്തെളിവുണ്ടാക്കുകയൊ കൊടുക്കുകയൊന്നും പ്രോസിക്യൂഷന്റെ ജോലിയല്ല.

പക്ഷപാതപരമല്ലാത്ത സമീപനം ഉണ്ടാകണം. ഇരയ്ക്ക് നീതി കിട്ടത്തക്കവിധമുള്ള എല്ലാ തെളിവുകളും സ്വരുക്കൂട്ടി കൊടുക്കുകയാണ് വേണ്ടത്. അദ്ദേഹം ഇത് വ്യക്തിപരമായി എടുക്കാൻ പാടില്ലായിരുന്നു. എന്തായാലും കേസിലെ വളരെ കാതലായ സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞതാണ്. കോടതിയിൽ ജഡ്ജി എന്തെങ്കിലും ചോദിച്ചു എന്നതാണു കുറ്റമെങ്കിൽ ജഡ്ജിമാർ ചോദ്യങ്ങൾ ചോദിക്കണം എന്നാണ് നിയമം. മൗനമായി ഒരിക്കലും ജഡ്ജി ഇരിക്കാൻ പാടില്ല. ട്രയലിൽ സജീവമായി ഇടപെടണം എന്നാണ് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കെ.ടി. തോമസിന്റെ 1996ലെ വിധിന്യായത്തിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അതിനു മുൻപു സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. ന്യായാധിപൻ മന്ദബുദ്ധിയെപോലെ ഇരിക്കുകയല്ല വേണ്ടത്. ആക്ടീവായി ഇടപെടാതിരുന്നാൽ നടപടിക്രമങ്ങൾക്ക് ദോഷമുണ്ടാകും. അങ്ങനെ ചോദ്യം ചോദിച്ചാൽ പ്രോസിക്യൂഷനും പ്രതിഭാഗവും പ്രകോപിതരാകാൻ പാടില്ല. അഭിഭാഷകരും പ്രകോപിതരാകാൻ പാടില്ല. എല്ലാവരും കൂടി ചേർന്ന് വേണം മുന്നോട്ട് കൊണ്ടു പോകാൻ. അങ്ങനെ കൊണ്ടു പോകണമെന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ അതിനെ ധിക്കരിച്ചതു പോലെയായിട്ടുണ്ട് രാജി.

സുപ്രീം കോടതി കേസിന് സമയപരിധി നിശ്ചയിച്ച് കൊടുത്തിട്ടുണ്ട്. അതിനകം വിചാരണ പൂർത്തിയാക്കി വിധി പറയണം. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പ്രോസിക്യൂട്ടർ ഇങ്ങനെ ചെയ്തത് ശരിയല്ല. നീതിന്യായ വ്യവസ്ഥയ്ക്ക് ഭൂഷണവുമല്ല. കേസിൽ ഒരു സ്പെഷൽ പ്രോസിക്യൂട്ടർ തന്നെ വേണമെന്ന് നിർബന്ധമില്ല. വേറെ പ്രോസിക്യൂട്ടറില്ലെങ്കിൽ പ്രധാന പ്രോസിക്യൂട്ടർ പോയി കേസ് നടത്തിക്കൊടുക്കണം എന്നാണ്. വേറെ പ്രോസിക്യൂട്ടർ ഇല്ലെങ്കിൽ സർക്കാർ വേറെ സ്പെഷൽ പ്രോസിക്യൂട്ടറെ കണ്ടെത്തേണ്ടതില്ല. അല്ല, ഇനി ഇരയ്ക്ക് പ്രത്യേക പ്രോസിക്യൂട്ടർ വേണം എന്ന അപേക്ഷയുണ്ടെങ്കിൽ സർക്കാരിന് വച്ചുകൊടുക്കാം.

അതു പക്ഷെ വഴിയിൽ കളഞ്ഞിട്ട് പോകുന്നവരാകരുത്. ഇവിടെ ഒരു സർക്കാർ പ്രോസിക്യൂട്ടറായിരുന്നെങ്കിൽ ഇങ്ങനെ കളഞ്ഞിട്ടു പോകില്ലായിരുന്നു. ഇവർക്ക് വേറെ കേസില്ലാത്തതിനാലാണ് ഇട്ടിട്ടു പോകുന്നത്. ഇവിടുത്തെ സീനിയർ പ്രോസിക്യൂട്ടർമാർ ആരെങ്കിലും പോയി കേസ് നടത്തണം എന്നാണ് നിയമം. എന്തായാലും അതിന്റെ പേരിൽ നടപടികൾ അനന്തമായി നീണ്ടു പോകില്ല.

കേസ് പഠിച്ചെടുക്കാൻ ഒരു സമയം വേണ്ടി വരും. ആർക്കായാലും പരമാവധി ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാം. സാധാരണ നിലയിൽ മൂന്നു നാലു ദിവസം മതിയാകും. നീതി നടത്താൻ അവർ ഇറങ്ങണം. ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയൊ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയൊ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു എന്ന് ഓർപ്പിച്ചതേ ഉള്ളൂ എന്നും കെമാൽ പാഷ പറഞ്ഞു.