ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് മിഷനിൽ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ ആചരിച്ചു. തിരുനാൾ കുർബാനയോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയിൽ കുടുംബ കൂട്ടായ് മ വർഷം ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഇടവക തല ഉദ്ഘാടനം മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലിയും ഫാമിലി കമ്മീഷൻ പ്രതിനിധികളും, മിഷനിലെ ഏറ്റവും വലിയ കുടുംബവും ചേർന്ന് സംയുക്തമായി നിർവഹിച്ചു. കുടുംബകൂട്ടായ്മ വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ സെൻറ് ജോസഫ് ദിനമായ മാർച്ച് 19ന് നിർവ്വഹിച്ചിരുന്നു. രൂപതാ അദ്ധ്യക്ഷനോടൊപ്പം ഉദ്ഘാടനവേളയിൽ രൂപതയിലെ എല്ലാ കുടുംബങ്ങളും തിരിതെളിച്ച് കുടുംബകൂട്ടായ്മ വർഷത്തിന്റെ സന്ദേശം ഉൾക്കൊണ്ടത് വേറിട്ട അനുഭവമായി. ജൂൺ 26നാണ് കുടുംബകൂട്ടായ്മ വർഷത്തിന്റെ സമാപനം.

ഫാ. എബിൻ നീരുവേലിൽ വി.സി തിരുനാൾ സന്ദേശം നൽകി. ലോകത്തുള്ള എല്ലാ മാതാപിതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു പിതാവാണ് വി. ഔസേപ്പെന്ന് ഫാ. എബിൻ ചൂണ്ടിക്കാട്ടി . നല്ല മാതാപിതാക്കൾ ആകാനും നമ്മുടെ കുട്ടികളെ മനസ്സിലാക്കാനും ബാല്യത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നന്നായിരിക്കുമെന്ന് ഫാ. എബിൻ തന്റെ സന്ദേശത്തിൽ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു