കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജിക്ക് കേരള ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു. ഇരിഞ്ഞാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിലെ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച മെഴ്‌സിഡസ് ബെൻസ് കാർ ഇടിച്ച് ഒക്ടോബർ 25നാണ് ജയബാലകൃഷ്ണൻ മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജിയും പ്രതിയാണ്. മകൻ താനുറങ്ങുമ്പോൾ രഹസ്യമായി കാറെടുത്തുപോയതാണെന്നും അപകടവിവരം ഫോൺ കോളിലൂടെ അറിഞ്ഞപ്പോൾ മാത്രമാണ് സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും ജഡ്ജി മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചു.

അപകടവിവരം അറിഞ്ഞതിന് പിന്നാലെ ജഡ്ജി തെളിവുകളിൽ തിരിമറി നടത്തിയെന്നായിരുന്നു മരിച്ചയാളുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ ആരോപണം. എന്നാൽ, ജഡ്ജി അന്വേഷണവുമായി സഹകരിക്കുമെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറസ്റ്റ് തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ആവശ്യപ്പെടുന്ന സമയങ്ങളിൽ വീണ്ടും ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ചോദ്യംചെയ്യൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ജഡ്ജിയെ നേരത്തേ നാലുമണിക്കൂറിലധികം ചോദ്യംചെയ്തതായും പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച് കുറ്റകൃത്യത്തിൽപ്പെട്ടാൽ രക്ഷിതാവിനും വാഹന ഉടമയ്ക്കും ഉത്തരവാദിത്വമുണ്ടാകാം. കേസിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ജഡ്ജിയുടെ മകന് ഒക്ടോബർ 26ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ജുഡീഷ്യൽ ഓഫീസറുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും പ്രാഥമികമായി വിവരങ്ങൾ പരിശോധിച്ചതായാണ് റിപ്പോർട്ട്.