കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് അപകടമുണ്ടായ കേസിൽ ജഡ്ജിയും മകനും പരസ്പരം രക്ഷപ്പെടുത്തുന്ന രീതിയിലാണ് മൊഴി നൽകിയതെന്ന് റിപ്പോർട്ട്. മകന് ഡ്രൈവിങ് അറിയാമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ജഡ്ജി അന്വേഷണസംഘത്തോട് പറഞ്ഞത്. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഡ്രൈവിങ് പഠിച്ചതെന്നും അച്ഛനും അമ്മയും അറിയാതെ രണ്ടുതവണ കാർ എടുത്തുകൊണ്ടുപോയതാണെന്നും 17കാരൻ മൊഴി നൽകിയതായി തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ മരിച്ചത് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ തട്ടുകട നടത്തി വന്നിരുന്ന 55കാരനായ ജയബാലകൃഷ്ണനാണ്. ഒക്ടോബർ 25ന് പുലർച്ചെ കട അടച്ച് മടങ്ങുന്നതിനിടെ 17കാരൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. ജഡ്ജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടി കാർ ഓടിക്കുന്നതിന്റെ മൂന്ന് വീഡിയോകൾ കണ്ടെത്തിയതായും അമിതവേഗത്തിലായിരുന്നു വാഹനമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ടെന്നും കേസിൽ രണ്ടാം പ്രതിയായ അദ്ദേഹം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.











Leave a Reply