സുബിനി

എന്നെത്തെയുംപോലെ ഉണർവ്വില്ലാത്ത കടലാസ് മടക്കുകളിൽ നൂറുകണക്കിന് ജീവിതങ്ങൾ വർഷങ്ങളായി എൻറെ മേശയുടെ ഇടതും വലതുമുള്ള കൂറ്റൻ അലമാരകളിൽ തീരുമാനം കാത്തു കിടക്കുന്നു. ഈ അലമാരകൾ പണിതിട്ട് ഒരു 20 വർഷമെങ്കിലും ആയിക്കാണും. പരിചയ സമ്പന്നതയ്ക്കും, ആഢ്യത്വത്തിനും, പിന്നെ സമ്പന്നതയ്ക്കും ഒട്ടും കുറവ് തോന്നില്ല. തൊഴിലിൻറെ സാധ്യതയെ കുറിച്ച് വളരെ നല്ല ബോധ്യം അന്നേ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കും. അത് പോലെ ഒരു ജീവിതം ഉറ്റു നോക്കീട്ടാണല്ലോ രണ്ടു വർഷം മുൻപ് ഞാൻ മൂപ്പരുടെ ശിഷ്യത്വം സ്വീകരിച്ചത്. കുഴപ്പം പിടിച്ച പല പ്രശ്നങ്ങളിൽ പെട്ടു പലരും ഇവിടെ വന്നു സഹായം തേടുമ്പോൾ, ദൈവത്തിൻറെ വീട്ടിലെ സെക്യൂരിറ്റി ഗാർഡിനെ പോലെ ചെറിയ അഹങ്കാര ഭാവങ്ങൾ ഒക്കെ ഞാൻ എടുക്കാറുണ്ട്. പിന്നെ പിന്നെ അവർ എനിക്ക് വലിയ ഭാവം തരാറില്ല. മൂടിന് തീ പിടിച്ചു വരുന്നവർ ഉണ്ട്.. അവർക്കും ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്.. നാളെത്തേക്കു ഫയൽ ചെയ്യേണ്ട ഒരു സുപ്രധാന കടലാസാണ് ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുന്നത്… ഇടയ്ക്ക് ചെറുതായി പൊതു അവസ്ഥ ആലോചിച്ചു ശ്രദ്ധ തെറ്റിയ പോലെ..

വണ്ടിയുടെ ശബ്‍ദം.. സാർ എത്തിയ മട്ടാണല്ലോ.. എങ്കിൽ വഴക്കുറപ്പ്… ഇന്നലെ ഇമെയിൽ ചെയ്യാൻ പറഞ്ഞ വർക്ക് ആണ് ഞാൻ ഇപ്പോഴും കുത്തി കുറിച്ചോണ്ടിരിക്കുന്നത്. മുന്നിൽ കാത്തിരിക്കുന്ന പുതിയ ആളുകളുടെ മുന്നിൽ വെച്ച് അപമാനിക്കാഞ്ഞാൽ മതിയായിരുന്നു. പിന്നാലെ ക്യാബിനിലേക്കു ചെന്നേക്കാം. കിട്ടാനുള്ളത് വേഗം വാങ്ങിച്ചു പുറത്തേക്കു വന്നാൽ ഇവരുടെ മുന്നിലെങ്കിലും മാനം കാക്കാലോ. .

സാധാരണ എത്തിയാൽ ഉടനെ ഒന്നു ഓഫീസിൽ കയറിയിട്ടേ അദ്ദേഹം താഴത്തെ നിലയിൽ ഉള്ള വീട്ടിലേക്കു പോകാറുള്ളൂ. മുംബൈ ഓഫീസിലായിരുന്നു കഴിഞ്ഞ ആഴ്ച. അവിടുത്തെ കേസുകളുടെ വിവരങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യാറില്ല. വളരെ ആത്മവിശ്വാസത്തോടെ മാത്രമേ ഓരോ പ്രാവശ്യവും ഇവിടുന്നു പോകാറുള്ളൂ. അവിടുത്തെ ഓഫീസിൽ എന്നെ പോലെ സഹായികളായി നാലു പേരുണ്ട് എന്ന് മാത്രമേ എനിക്ക് ഇത്രയും കാലമായിട്ടും അറിയൂ…അവരെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം എന്നെ ഒരു നോട്ടം നോക്കിയത് കൊണ്ട് പിന്നെ ചോദിക്കാൻ ധൈര്യം ഉണ്ടായില്ല.. ആരായാലും എനിക്കെന്താ… കൃത്യമായി ശമ്പളം കിട്ടുന്നുണ്ടല്ലോ.. വീട്ടിൽ നിന്നും ആകെ നാലു കിലോമീറ്റർ ദൂരമേയുള്ളൂ ഇങ്ങോട്ടെനിക്ക്. പിന്നെ കൂടുതൽ അറിഞ്ഞാൽ പാടാണ്. എങ്ങാനും മുംബൈയ്ക്ക് ട്രാൻസ്ഫർ ചെയ്താലോ..

ഇതിപ്പോ എത്തീട്ടു ഇത്രേം നേരായിട്ടും സാറിനെ ഇങ്ങോട്ട് കണ്ടില്ലല്ലോ…. വീട്ടിലേക്കു നേരെ കയറിയ മട്ടാണല്ലോ…പതിവില്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ട്.. ഡ്രൈവർ ഫോണിൽ മാറി മാറി ആരെയൊക്കെയോ വിളിക്കുന്നത്‌ കാണുന്നു. ഒന്നു പോയി നോക്കണം എന്നുണ്ട്… ഇത്രേം കാലം നിഴല് പോലെ എല്ലാ ദിവസവും കൂടെ നിന്നിട്ടും ഒരിക്കൽ പോലും ആദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ല.. ഉമ്മറത്ത് നിർത്തി അടുത്ത ദിവസത്തേക്കുള്ള ജോലികൾ ഏൽപ്പിക്കും… അത്ര തന്നെ.. അനാവശ്യമായ ഒരു അകൽച്ച പാലിക്കലല്ലേ അത് എന്ന് എനിക്ക് പലവട്ടം തോന്നീട്ടുണ്ട്. പിന്നെ എനിക്കെന്തു കാര്യം മൂപ്പരുടെ വീടിനകത്തു കയറീട്ടു.. ഇക്കണ്ട കാലമെത്രയും അദ്ദേഹം ഒരു സുഹൃത്തിനോട് സംസാരിക്കുന്നതു പോലും ഞാൻ കേട്ടിട്ടില്ല. വല്ലാത്ത മുരടൻ എന്ന് ഞാൻ മനസ്സിൽ അയാളെ വിലയിരുത്താറുണ്ട്. എനിക്കെന്തു കാര്യം. ശമ്പളം കൃത്യം കിട്ടുന്നുണ്ടല്ലോ.. ഓഫിസിൽ വരുന്ന ഓരോരുത്തരോടും കുശലം പറയുന്നത് എൻറെ ശീലമാണ്..എല്ലാരുടെയും മുഖത്ത് ടെൻഷൻ മാത്രമേ കാണാറുള്ളു. ചിലർക്ക് എൻറെ സംസാരം ഇഷ്ടപ്പെടുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയിട്ടും ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്തായിരിക്കും സംഭവിച്ചത്… രണ്ടും കല്പിച്ചു ഞാൻ താഴോട്ട് ചെല്ലാൻ ഉറപ്പിച്ചു.. വാതിൽക്കൽ ആരോ നിൽപ്പുണ്ട്..തിരിഞ്ഞു നടന്നാലോ എന്നു ചിന്തിച്ചു… മുന്നോട്ട് വെച്ച കാൽ മുന്നോട്ടു തന്നെ എന്നുറപ്പിച്ചു…ജനലിലൂടെ സാർ ചിരിച്ചു കൊണ്ട് ആരോടോ ഫോണിൽ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതു കാണാം… ഇത്ര മനോഹരമായി ചിരിക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ഞാൻ അതിശയിച്ചു.. എന്നിട്ടും എന്തിനായിരുന്നു… ഇത്ര സന്തോഷവാനായി അദ്ദേഹത്തെ ഞാൻ കണ്ടിട്ടേ ഇല്ല… പ്രായമുള്ള ഒരു സ്ത്രീ എൻറെ അടുത്തേക്ക് വന്നു, ഒരു പ്ലേറ്റ് നിറയെ മധുര പലഹാരങ്ങൾ നീട്ടി… എനിക്ക് ഒന്നും മനസ്സിലായില്ല… ഇത് വരെ ഈ വീട്ടിൽ നിന്നും പച്ച വെള്ളം പോലും വാങ്ങി കുടിച്ചിട്ടില്ല… ആരും തന്നിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി… ഇതിപ്പോ…അദ്ദേഹത്തിൻറെ അമ്മയാണ് എന്ന് മനസ്സിലായി..പ്രായത്തിലേറെ ഭാരിച്ച വിഷമങ്ങൾ ആ മുഖത്തെ ഐശ്വര്യം എന്നോ കാർന്നെടുത്തപോലെ തോന്നി.. മധുരം എൻറെ നേരെ നീട്ടിയപ്പോൾ അവർ എൻറെ മുഖത്തേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “അവൻ ഇനിയെങ്കിലും ഒന്നു ജീവിക്കുമല്ലോ,.. മരവിച്ച മനസ്സോടെ എത്ര കാലായി ഇങ്ങനെ”. അവരുടെ കണ്ണുകളിലെ തിളക്കം എനിക്ക് വ്യക്തമായി കാണാമായിരുന്നു… ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ മധുരം നുണച്ചു അന്ധാളിപ്പ് മാറാതെ തിരിച്ചു നടന്നു. ഡ്രൈവർ ഫോണിൽ ആരോടോ സംസാരിക്കുന്നു.. “ജീവിതം തിരിച്ചു കിട്ടിയ പോലെ ആണ് സാറിന്.. മൂന്നു വർഷമായല്ലോ കോമയിൽ ആയിട്ട്.. ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചു വരവല്ലേ.. എന്ത് സ്മാർട്ട്‌ ആയ മോനായിരുന്നു..അതെ,.. ചികിത്സ എല്ലാം മുംബൈയിലായിരുന്നു..വൈഫ് ഉണ്ടല്ലോ അവിടെ… ”

ആകാംഷ, അതിശയം, ആനന്ദം, ആത്മവിശ്വാസം. ഒരല്പ നേരം കൊണ്ട് എൻറെ മനസ്സ് മാറി മറഞ്ഞല്ലോ. എനിക്ക് എന്തോ ധൈര്യം വന്ന പോലെ… ഞാൻ ഓഫീസിലേക്ക് കയറി ഇന്നലെ വെറുതെ വാചകമടിച്ചും പകൽക്കിനാവ് കണ്ടും ബാക്കിവെച്ച വർക്ക് പൂർത്തിയാക്കി. ഫയൽ സാറിന് ഇമെയിൽ അയച്ചു. കാത്തിരിന്നു മുഷിഞ്ഞ ക്ലയന്റസിന് ഞാൻ ഒരു ഇൻസ്റ്റന്റ് കോഫി ഇട്ടു കൊടുത്തു. സാർ ഉടൻ വരുമെന്നും, കേസിൻറെ പ്രാഥമിക വിവരങ്ങൾ ഞാൻ മനസ്സിലാക്കി, പ്രധാന വിവരങ്ങൾ കുറിച്ചു വെച്ചാൽ അത് അവർ സാറിനെ കാണുമ്പോൾ കൂടുതൽ ഗുണപ്പെടുമെന്നും പറഞ്ഞു എൻറെ മേശക്കരികിലേക്കു അവരെ ക്ഷണിച്ചു.. എന്നിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞ ഞാൻ ആത്മവിശ്വാസത്തോടെയും, അവർ, എന്നിൽ അർപ്പിച്ച വിശ്വാസത്തോടെയും ഞങ്ങൾ സംസാരിച്ചു തുടങ്ങി.. ചുറ്റുമുള്ളതൊന്നും എന്നെ അലട്ടിയില്ല. അതിനിടയിൽ എപ്പോഴോ സാർ എൻറെ മുന്നിലൂടെ ക്യാബിനിലേക്ക് കയറി പോകുന്നത് കണ്ടു..ഞാൻ ബഹുമാനത്തിൽ എഴുന്നേൽക്കും മുൻപേ…വേണ്ട …തുടർന്നോളൂ എന്ന് പുഞ്ചിരിയോടെ ആംഗ്യം കാണിച്ചു.. ഇന്നാണ് ഞാൻ ശരിക്കും സാറിൻറെ ജൂനിയർ ആയത്.

സുബിനി
കോഴിക്കോട് സ്വദേശി. ജനനം 1979. കേരള കാർഷിക സർവകലാ ശാലയിൽ നിന്നും കാർഷിക എഞ്ചിനീയറിംഗ് ബിരുദം, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും അന്താരാരാഷ്ട്ര ബിസിനസ്സിൽ ബിരുദാനന്തര ബിരുദം. ബാങ്കിങ്, ടൂറിസം, ഇ -ഗവേണൻസ്, ട്രെയിനിങ് തുടങ്ങിയ മേഖലകളിലായി 15 വർഷത്തെ പ്രവർത്തി പരിചയം. അവതാരകയും വോയിസ്‌ ആർട്ടിസ്റ്റും ആണ്. സംഗീത, നാടക പരിപാടികളുടെ നിർമാണവും ഏകോപനവും നിർവഹിച്ചിട്ടുണ്ട്.
ടൂറിസം, കൃഷി, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.