ലണ്ടന്‍: ലോകത്ത് സാമ്പത്തിക അസന്തുലിതത്വം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അറുപത്തിരണ്ട് പേരിലാണ് ലോകത്തിലെ മുഴുവന്‍ സമ്പത്തിന്റെയും പകുതിയും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് പുതിയ പഠനം തെളിയിക്കുന്നു. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഓക്‌സ്ഫാം എന്ന സന്നദ്ധ സംഘടനയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010ന് ശേഷം ലോകത്തിലെ ദരിദ്രരുടെ എണ്ണം 41 ശതമാനമായി ഉയര്‍ന്നു. ലോകത്തിലെ അറുപത്തിരണ്ടു പേരുടെ സമ്പത്ത് 1.76 ട്രില്യന്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലുളള അന്തരം വളരെ വലുതായി. ഒരേ സാമ്പത്തികമുളള പണക്കാരുടെ എണ്ണം 2011ല്‍ 388 ആയിരുന്നു. ഓരോ കൊല്ലം കഴിയും തോറും ഈ സംഖ്യയില്‍ കുറവുണ്ടാകാന്‍ തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇത് 177ആയി. 2014ല്‍ 80ഉം 2015ല്‍ ഇത് 62ഉം ആയി മാറുകയായിരുന്നു.
2016ലെ ലോക സാമ്പത്തിക ഫോറത്തിനായി ധനശാസ്ത്രജ്ഞര്‍ ദാവോസില്‍ ഒത്തുകൂടാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെങ്കില്‍ നികുതി ഘടയില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ഓക്‌സ്ഫാം ജിബി ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഗോള്‍ഡ്‌റിംഗ് പറഞ്ഞു. ഈ സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ ലോകനേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് തടയാനായി ഇവരില്‍ നിന്ന് ഇതുവരെ ശക്തമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക വളര്‍ച്ചയുടെ ഫലം സമൂഹത്തിന്റെ താഴെക്കിടയിലുളളവര്‍ക്ക് എത്തിക്കാനുളള യാതൊരു നടപടിയും അധികൃതരില്‍ നിന്ന് ഉണ്ടാകുന്നില്ല. ലോകത്ത് ഒമ്പത് പേരില്‍ ഒരാള്‍ വിശന്ന വയറുമായാണ് ഉറങ്ങുന്നത്. വന്‍കിടക്കാര്‍ക്ക് നികുതിയിളവുകള്‍ അനുവദിക്കുന്ന നടപടി അവസാനിച്ചേ തീരൂ. അവര്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. രാജ്യത്ത് വന്‍തോതില്‍ നികുതി ഇളവുകള്‍ നടപ്പാക്കുന്നതായി നവംബറില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ജോര്‍ജ് ഓസ്‌ബോണിന്റെ നികുതിയിളവുകള്‍ നൂറ് കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റിയും ചൂണ്ടിക്കാട്ടി. ലോകത്തിലെ ദരിദ്ര്യരാഷ്ട്രങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നികുതി ഒഴിവാക്കലുകള്‍ അവസാനിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.