അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഈറോഡ് സ്വദേശി കൃഷ്ണമൂര്‍ത്തിയെ ജയിലില്‍ അടക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്നും പോയസ് ഗാര്‍ഡനടക്കം അമ്മയുടെ സ്വത്തുവകള്‍ തനിക്ക് ലഭിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിരട്ടല്‍.
ഞാന്‍ ഇയാളെ നേരിട്ട് ജയിലില്‍ അടയ്ക്കും. ഇപ്പോള്‍ തന്നെ ഇയാളെ ജയിലിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും എന്നാണ് കേസ് പരിഗണിക്കവേ ജസ്റ്റീസ് ആര്‍ മഹാദേവന്‍ കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞത് .
അന്തരിച്ച തെലുങ്കു നടന്‍ ശോഭന്‍ ബാബുവാണ് തന്റെ പിതാവെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ജയലളിതയുടെ സുഹൃത്തായ വനിതമണിയുടെ വീട്ടില്‍ ദത്തെടുത്ത മാതാപിതാക്കളുടെ കൂടെയാണ് താന്‍ ജീവിക്കുന്നതെന്ന് യുവാവ് പറഞ്ഞിരുന്നു. ദത്ത് സര്‍ട്ടിഫിക്കറ്റ് അടക്കം ജയയുടെ മകനാണെന്ന് തെളിയിക്കാന്‍ ചില രേഖകളും കൃഷ്ണമൂര്‍ത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ കെട്ടിചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് മഹാദേവന്‍ യുവാവിനെതിരെ പൊട്ടിത്തെറിച്ചത്.ശനിയാഴ്ച്ച ചെന്നൈ സിറ്റി കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരായി കൃഷ്ണമൂര്‍ത്തി ഒറിജിനല്‍ രേഖകള്‍ നല്‍കണമെന്നും യുവാവിനോട് കോടതി നിര്‍ദേശിച്ചു. കോടതിയോട് കളിക്കരുതെന്നും വാക്കാല്‍ ജഡ്ജി യുവാവിനെ താക്കീത് ചെയ്തു. കൃഷ്ണമൂര്‍ത്തിക്കൊപ്പം കോടതിയില്‍ എത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിക്കെതിരെയും കോടതി രംഗത്തെത്തി. രേഖകള്‍ കണ്ടിരുന്നോ എന്ന് ചോദിച്ച കോടതി ഇവിടെ താങ്കളുടെ റോള്‍ എന്താണെന്നും രാമസ്വാമിയോട് ആരാഞ്ഞു.