ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയ വാര്‍ത്ത‍യ്ക്ക് ഒപ്പം തന്നെ വൈറല്‍ ആയ വാര്‍ത്തയാണ് ബീബറിനു ഇന്ത്യയില്‍ വേണ്ട സൗകര്യങ്ങളുടെ നീണ്ടനിര. സംഗീത നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ എസ്. രവിയാണ് ബീബറിന്റെ നിബന്ധനകളുടെ പട്ടിക പുറത്ത് വിട്ടത്. മുംബൈയില്‍ പരിപാടി അവതരിപ്പിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള തിരുമ്മുകാരിയെ ഉള്‍പ്പെടെയാണ് ബീബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ബീബര്‍ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.

ബീബറുടെ നിബന്ധനകള്‍ ഇങ്ങനെ:

തന്റെ സംഘത്തിലുള്ളവരുടെ യാത്രയ്ക്ക് 10 ആഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസുകളും. തന്റെ യാത്രയ്ക്കായി റോള്‍സ് റോയ്‌സ് കാര്‍. പരിപാടി കഴിഞ്ഞ് വിശ്രമിക്കുന്നതിന് പിങ്‌പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ്. ഹോട്ടല്‍ മുറിയില്‍ ആഡംബര സോഫകളും വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, മസാജ് ടേബിള്‍ അടക്കമുള്ള സൗകര്യങ്ങള്‍. പരിപാടി നടക്കുന്ന സ്‌റ്റേജിലേക്ക് പറക്കാന്‍ പ്രത്യേക ഹെലികോപ്റ്റര്‍, വാനില റൂം ഫ്രെഷര്‍, ബീബര്‍ക്ക് മാത്രമായി പ്രത്യേക ലിഫ്്റ്റ്, ചൂടുജല പ്രവാഹമുള്ള പ്രത്യേക നീന്തല്‍ക്കുളം. കേരളത്തില്‍ നിന്നുള്ള അംഗീകാരമുള്ള തിരുമ്മുകാരി, പാചകം ചെയ്യാന്‍ പ്രശസ്തരായ അഞ്ച് പാചകക്കാര്‍. വേദിക്ക് പിന്നില്‍ 30 വിശ്രമമുറികള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

 

മുറിയില്‍ വെള്ളിപാത്രങ്ങള്‍, സുഗന്ധ മെഴുകുതിരികള്‍, കരിക്കിന്‍വെള്ളം, ബദാം, പാല്‍, തേന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും മുറിയില്‍ വേണം. വെളുത്ത നിറമുള്ള കിടക്ക, വിരിപ്പ്, പുതപ്പ് കര്‍ട്ടണ്‍ എന്നിവ മാത്രമേ നല്‍കാന്‍ പാടുള്ളൂ. പരിപാടി സമയത്തും കിടപ്പ് മുറിയിലും 24 വെള്ളക്കുപ്പികള്‍, 24 ആല്‍ക്കലൈന്‍ വെള്ളക്കുപ്പികള്‍, എനര്‍ജി ഡ്രിങ്കുകള്‍, പ്രോട്ടീന്‍ ഡ്രിങ്കുകള്‍ എന്നിവയും ഉണ്ടാകണം. സംഘത്തിലുള്ളവര്‍ക്ക് കഴിക്കുന്നതിനായി ബ്രഡ്, ചോക്ലേറ്റ്, ധാന്യങ്ങള്‍, വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള ച്യുയിംഗ് ഗം. യോഗ ചെയ്യാന്‍ പ്രത്യേക മുറി, യോഗാവിധികള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍. ഒരുങ്ങാനായി പ്രത്യേക ബ്യുട്ടി പാര്‍ലര്‍, സൂക്ഷി വിഭവങ്ങള്‍ ലഭിക്കുന്ന റെസ്‌റ്റോറന്റ്, തീയറ്ററുകള്‍, ബീബര്‍ക്കും സംഘത്തിനുമായി പ്രത്യേക നിശാ ക്ലബ്ബുകള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.