ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ബന്ധം പറയേണ്ടതില്ല. ഒരു നിര്‍മ്മാതാവിനുപരി കടുത്ത ആരാധകന്‍ കൂടിയാണ് ആന്റണി പെരുമ്പാവൂര്‍. അത് തനിക്ക് മനസ്സിലായത് ദൃശ്യത്തിന്റെ ഷൂട്ടിങ് വേളയിലാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് രഞ്ജിത്ത് പറയുന്നത്. ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ‘എന്താ ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്.

‘എന്ത് പറ്റിയെടാ’ എന്ന് ഞാന്‍ ചോദിച്ചു. ‘ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല’ എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് രഞ്ജിത്ത് പറയുന്നു.

കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ വെല്ലുവിളി ഉയര്‍ത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും രഞ്ജിത്ത് പറയുന്നു. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്ക് മാത്രമല്ല, അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും കഴിയുമെന്നും രഞ്ജിത്ത് പറഞ്ഞു.