പ്രൗഢമായ രചനകളാല്‍ സമ്പന്നമായ യുക്മ ജ്വാല ഇ-മാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി

പ്രൗഢമായ രചനകളാല്‍ സമ്പന്നമായ യുക്മ ജ്വാല ഇ-മാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി
June 24 05:46 2018 Print This Article

പ്രവാസി മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ജൂണ്‍ ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസികളായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജ്വാല ഇ മാഗസിന്‍ വളരെ ചുരുങ്ങിയ കാലത്തിനിടെ വളരെ പ്രചാരം നേടി വളര്‍ച്ചയുടെ പാതയിലാണ്. വര്‍ഗീയ വെറിയും അന്ധവിശ്വസവും മതമേധാവിത്വ ശക്തികളും ചേര്‍ന്ന് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന പ്രവണക്കെതിരെ യുക്മ പോലുള്ള പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

നിരവധി ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകള്‍ ജൂണ്‍ ലക്കത്തെ സമ്പന്നമാക്കുന്നു. മലയാള സാഹിത്യത്തിലെ കാര്‍ന്നോര്‍ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ എഴുതിയ വില്‍പ്പന എന്ന ചെറുകഥയെ അവലോകനം ചെയ്തു കൊണ്ട് എസ്. ജായേഷ് എഴുതിയ ജീവിതങ്ങള്‍ക്കിടയിലെ കൈമാറ്റപ്രക്രിയകള്‍ എന്ന ലേഖനത്തിലൂടെ ശ്രീ. എം.ടി വാസുദേവന്‍ നായരെ ആഴത്തില്‍ മനസിലാക്കുവാന്‍ സാധിക്കുന്നു. ജ്വാല ഇ മാഗസിനില്‍ ജോര്‍ജ്ജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ തന്റെ കോളേജ് വിദ്യാഭാസ കാലത്തെ രസകരമായ ഒരനുഭവം വളരെ രസകരമായി ഒരു വട്ടം കൂടി ഊട്ടിയിലേക്ക് എന്ന അധ്യായത്തില്‍ വിവരിക്കുന്നു.

പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ ‘എ ഹാങ്ങിങ്’ എന്ന ചെറുകഥയുടെ സ്മിത മീനാക്ഷി എഴുതിയ മലയാളം പരിഭാഷ തൂക്കികൊല്ലല്‍ മൂല കഥയോട് വളരെയധികം നീതി പുലര്‍ത്തി. നിര്‍മ്മല രചിച്ച കുരിശ് തറപ്പ് ഒരന്വേഷണം, ശ്രീകല മേനോന്‍ എഴുതിയ ബ്രാഹ്മണ്യം, ബിന്ദു എം.വി എഴുതിയ കറുത്ത പെണ്ണ് എന്നീ കഥകള്‍ ജ്വാലയുടെ കഥാവിഭാഗത്തെ ധന്യമാക്കുന്നു.

രമേശ് കുടമാളൂരിന്റെ മരണകാവ്യങ്ങള്‍, അനിത എം.എ യുടെ ഉടല്‍കലര്‍പ്പ് ബിന്ദു ആനമങ്ങാട് രചിച്ച സ്മാരകങ്ങള്‍ പിറവിയെടുക്കുന്നത് എന്നീ കവിതകളും മനോഹരമായ രചനകളാണ്. പ്രമുഖ സാഹിത്യകാരി കെ. ആര്‍. മീരയുടെ സാഹിത്യ ലോകത്തേക്കുള്ള ഒരു വാതില്‍ തുറക്കുകയാണ് ഷൈന്‍ ഷാജന്‍ എഴുതിയ മീരയില്‍ നിന്ന് വായിച്ചെടുത്ത പെണ്മയും പ്രണയവും എന്ന ലേഖനം. ലോക പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെയുംആറന്മുള വള്ളംകളിയുടെയും ആറന്മുള സദ്യയുടെയും ജന്മഗേഹമായ ആറന്മുള എന്ന സ്ഥലത്തിന്റെ ചരിത്ര വസ്തുതകളിലേക്ക് ഒരു എത്തി നോട്ടമാണ് രാജേഷ് കുമാര്‍. കെ എഴുതിയ വള്ളപ്പാട്ടു പാടുന്ന ആറന്മുളയുടെ മണ്ണില്‍ എന്ന ലേഖനം.

ജ്വാല ഇ മാഗസിന്റെ ജൂണ്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles