തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നു പ്രിയങ്കയെ നേരിട്ട് കണ്ട് മുരളീധരൻ അറിയിച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനു വേണ്ടിയും പിന്നീട് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു. ഇതോടെയാണ് പ്രിയങ്കയെ കണ്ട് മുരളീധരൻ മുന്നറിയിപ്പ് നൽകിയത്.
ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹൈക്കമാൻഡിന്റെ നിർദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്. ബിജെപിയും സിപിഎമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരൻ അറിയിച്ചു.
Leave a Reply