‘പാവങ്ങളെ സഹായിക്കുന്ന ഒരു നല്ല മനുഷ്യനെ ഞങ്ങൾ എന്തിന് ട്രോളണം. എന്തിന് പരിഹസിക്കണം. ആക്ഷേപഹാസ്യത്തിൽ സിനിമ എടുക്കണം?’ ഒരു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങളോട് സൗമ്യനായി സംവിധായകൻ ചോദിക്കുന്നു. മായക്കൊട്ടാരം എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ആക്ഷേപങ്ങൾ, എടുക്കാൻ പോകുന്ന സിനിമയക്കാൾ വലിയ കോമഡിയാണെന്ന് ചിരിയോടെ അദ്ദേഹം പറയുന്നു. വിവാദങ്ങളെ കുറിച്ചും സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉയർത്തിയ ആരോപണത്തെ കുറിച്ചും സംവിധായകൻ കെ.എൻ ബൈജു പ്രതികരിക്കുന്നതിങ്ങനെ.
‘ഇത് ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യനെ പറ്റിയുള്ള സിനിമയല്ല. പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തെ എന്തിന് ട്രോളണം?. അതിന്റെ ആവശ്യമില്ല. ഈ സിനിമ എന്നു പറയുന്നത് ചാരിറ്റിപ്രവർത്തനങ്ങളിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന വിഭാഗത്തെ ഉന്നമിട്ടാണ്. അവരെയാണ് ട്രോളുന്നത്. അല്ലാതെ ശരിയായ ചാരിറ്റി പ്രവർത്തനം ചെയ്യുന്നവരെ അല്ല. ഫിറോസ് പറയുന്നത് അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു വലിയ സംഘമാണ് ഇതിന്റെ പിന്നിൽ എന്നാണ്. അതു ശരിയല്ല.
ആരിൽ നിന്നും പണം പിരിച്ചല്ല ഈ സിനിമ ചെയ്യുന്നത്. ഇതിന് ഒരു നിർമാതാവുണ്ട്. മികച്ച ഒരു ബാനറുണ്ട്. അവർക്ക് കോടികൾ പിരിവെടുത്ത് ഫിറോസിനെതിരെ സിനിമ ചെയ്യേണ്ട ആവശ്യമില്ല. സുരേഷ് കോടാലിപ്പറമ്പൻ എന്ന പേരാണ് പ്രശ്നമെങ്കിൽ അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യമുള്ള നാടല്ലേ. ഇങ്ങനെയാക്കെ തുടങ്ങിയാൽ ഇവിടെ ഏതേലും സിനിമ ചെയ്യാൻ പറ്റുമോ?. അതുകൊണ്ട് ദയവായി മനസിലാക്കണം. ഇതൊരു ചിരി ചിത്രമാണ്. ചാരിറ്റിയിലൂടെ പ്രശസ്തനാവാൻ നടക്കുന്ന, എന്തിനും ഏതിനും വിഡിയോ ചെയ്യുന്ന സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രത്തിന്റെ കഥയാണ്. നൻമചെയ്യുന്ന ആരെയും ട്രോളാനോ പരിഹസിക്കാനോ ആരും കൂട്ടം ചേർന്ന് പണം പിരിച്ച് തന്ന് ആരംഭിക്കുന്ന സിനിമയല്ല. ദയവായി മനസിലാക്കണം. സിനിമ കാണണം, അനുഗ്രഹിക്കണം.’ ബൈജു അഭ്യർഥിക്കുന്നു.
റിയാസ് ഖാൻ മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. സിനിമയുടെ ആദ്യ പോസ്റ്റർ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെയും ചേർത്ത് വച്ച് ട്രോളുകളും സജീവമായിരുന്നു. ഇതിന് മറുപടിയുമായി ഫിറോസും എത്തി.
‘വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമർശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്പോൾ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവർത്തിക്കുന്നു. അവർ ഇപ്പോൾ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ വരെ എടുക്കുകയാണ്. ഞാൻ സ്വർണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സിബിഐയെ െകാണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയിൽ കനമില്ല..’ ഫിറോസ് പറഞ്ഞു.
ഒട്ടേറെ സീരിയലുകളും ഒരു തമിഴ് സിനിമയും ഒരുക്കിയ സംവിധായകനാണ് ബൈജു. മായക്കൊട്ടാരം അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ്. റിയാസ് ഖാനാണ് മുഖ്യവേഷത്തിലെത്തുന്നത്. ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത്, 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. എല്ലാവർക്കും നന്ദി. നൻമ മരം സുരേഷ് കോടാലിപ്പറമ്പൻ.’ എന്ന പോസ്റ്റർ വാചകമാണ് ആദ്യ പോസ്റ്റർ കൊണ്ടുതന്നെ സിനിമയെ ചർച്ചയാക്കിയത്.
Leave a Reply