ലോക ഡൗൺ പ്രമാണിച്ച് കേരളത്തിലെ മദ്യവിപണനകേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാരിന് വരുത്തി വച്ചിരിക്കുന്നത്. കാരണം 212 ശതമാനത്തോളം നികുതി ആണ് മദ്യവിൽപനയിൽ നിന്ന് സംസ്ഥാന ഗവൺമെന്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മദ്യപന്മാരുടെ പോക്കറ്റിൽ നിന്നുള്ള പൈസ എടുത്താണ് സർക്കാർ ശമ്പളം ഉൾപ്പെടെയുള്ള ചിലവുകൾക്ക് പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

എംസി ബ്രാൻഡി സർക്കാർ മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്ന വില 53 രൂപ. വിൽക്കുന്ന വില 560 രൂപയാണ്. ലാഭം 507 രൂപ. ബെക്കാർഡി ക്ലാസിക് സർക്കാർ വാങ്ങുന്നത് 168 രൂപയ്ക്ക്. വിൽക്കുന്നത് 1240 രൂപയ്ക്ക്. ലാഭം 1072 രൂപ. എക്സൈസ് ഡ്യൂട്ടിയും നികുതിയുമെല്ലാം ചേരുമ്പോഴാണ് മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നത്. കോവിഡ് ബാധയെത്തുടർന്ന് നികുതിഘടനയിൽ ഇനിയും വർധനവുണ്ടായേക്കാം.

ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്. നികുതി കൂട്ടിയാലും വിൽപ്പനയില്‍ കുറവില്ല.

2018–19 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്ക്കരിച്ചു. 2019–20ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.