കെ റെയിലിനായുള്ള സര്‍വ്വേ തുടങ്ങിയാല്‍ വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നീക്കം ഇനി ഉണ്ടാകില്ലന്ന സൂചനയുമാണ് കെ റെയില്‍ പദ്ധതി തല്‍ക്കാലേത്ത് ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന്റെ പിന്നിലെന്നറിയുന്നു. നിയമന- കത്ത് വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതി മൂലമുള്ള ജനരോഷം കൂടി താങ്ങാന്‍ കഴിയില്ലന്നാണ് സി പിഎം നേതൃത്വത്തിന്റെ വിലയിരുത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചു മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെ തിരുമാനം.

എന്ത് വിലകൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷവും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന വാശിയില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ നിയമന വിവാദങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പഴയപോലെ സഹകരണം ലഭിക്കാനും സാധ്യതയില്ലന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.

കേരളത്തിലെ സി പി എം സര്‍ക്കാരിനെ ഇനി കാര്യമായി പിന്തുണക്കേണ്ട കാര്യമില്ലന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനം. ഡല്‍ഹിയില്‍ ഉന്നത ബി ജെ പി വൃത്തങ്ങളുമായി നടന്ന ‘ നെഗോസിയേഷന്‍സ്’ ഒന്നും കാര്യമായ ഫലം ചെയ്തിട്ടില്ല. മാത്രമല്ല പലപ്പോഴും സഹായ ഹസ്തം നീട്ടിയിട്ടുള്ള നിഥിന്‍ ഗഡ്കരിയെ ബി ജെ പി നേതൃത്വം മൂലക്കിരുത്തിക്കഴിഞ്ഞു. ഗഡ്കരി വഴി ഏതായാലും കേന്ദ്ര സര്‍ക്കാരിനെ കയ്യിലെടുക്കാന്‍ കഴിയില്ലന്ന് വ്യക്തമായി.

കേരളത്തിന്റെ മുങ്ങുന്ന സാമ്പത്തിക നിലവച്ച് കൊണ്ട് വിദേശ ഏജന്‍സികള്‍ വഴി കടം വാങ്ങിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. ജനങ്ങളുടെ പ്രക്ഷോഭത്തേക്കാള്‍ വിദേശ വായ്പ നേടുന്നതിലുളള ബുദ്ധിമുട്ടുകളാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നതെന്ന സൂചനയമുണ്ട്. അതോടൊപ്പം സില്‍വര്‍ ലൈന്‍ സര്‍വ്വേ തുടങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. അങ്ങിനെ ഉണ്ടായാല്‍ ഗവര്‍ണ്ണര്‍ അതിലും ഇടപെടും. അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സര്‍ക്കാരിനറിയാം. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.