സംസ്ഥാനത്ത് സിൽവർലൈൻ സർവേ വീണ്ടും ആരംഭിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും സർവേക്കായി എത്തിയവരെ തടഞ്ഞു നാട്ടുകാരും സമരക്കാരും. തിരുവനന്തപുരത്ത് കോണ്ഗ്രസ് പ്രവർത്തകനെ പോലീസ് ചവിട്ടി വീഴ്ത്തി. സമരക്കാരെ പോലീസുകാരൻ ചവിട്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നു വ്യാപക പ്രതിഷേധം ഉയർന്നു.
മംഗലപുരം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയിൽ സർവേക്കായി എത്തിയ കെ-റെയിൽ അധികൃതരെയും റവന്യൂ അധികൃതരെയുമാണ് നാട്ടുകാരും കോണ്ഗ്രസ് പ്രവർത്തകരും തടഞ്ഞത്. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു കോണ്ഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെയാണ് അതിരടയാള കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയത്. അതിനു മുന്പു തന്നെ നാട്ടുകാരും പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിരുന്നു. തുടർന്ന് കല്ലിടൽ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉന്തിനും തള്ളിനുമിടയിൽ ഒരു പ്രവർത്തകനെ പോലീസ് നാഭിക്കു ചവിട്ടി വീഴ്ത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. സംഘർഷം കണക്കിലെടുത്ത് സർവേ നടപടികൾ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി.
എന്തു സംഭവിച്ചാലും സിൽവർലൈൻ സർവേ കല്ലിടാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ വ്യക്തമാക്കി. നേരത്തെയും ഈ ഭാഗങ്ങളിൽ കല്ലിടൽ നടന്നിരുന്നു. അവ കോണ്ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയായിരുന്നു.
കണ്ണൂർ ചാലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകി. പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ചാലയിൽ സർവേ കല്ലുമായി വന്ന വാഹനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉച്ചയോടെ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായി സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും സ്വകാര്യഭൂമിയിൽ കുറ്റിയിടാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതിഷേധിച്ചു. 40 പേരെ എടക്കാട് പോലീസ് അറസ്റ്റ്ചെയ്തു നീക്കി. ഈ സംഭവത്തിനുശേഷം ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുറ്റികൾ പിഴുതുമാറ്റിയത്.
കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം അക്ഷരംപ്രതി നടപ്പാക്കുമെന്ന് പിന്നീട് സ്ഥലത്തെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.കെ. സുധാകരൻ ചാലയിലെ വീടുകളിലെത്തി വീട്ടമ്മമാരടക്കമുള്ളവരുമായി സംസാരിച്ചു. വീടിനു സമീപം സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തുടർന്ന് 18 സർവേ കല്ലുകളാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിഴുതു മാറ്റിയത്.
പോലീസുകാരൻ ബൂട്ടിട്ട് സമരക്കാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു നിർദേശം. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക്, റൂറൽ എസ്പി നിർദേശം നൽകി.
എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
കാലുയർത്തുന്നതിനു മുന്പ് മൂന്നുവട്ടം ആലോചിക്കണം: വി.ഡി. സതീശൻ
പോത്തൻകോട്: ബൂട്ടിട്ടു ചവിട്ടിയ പോലീസുകാർക്കെതിരേ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോണ്ഗ്രസ് പ്രവർത്തകർക്കു നേരേ കാലുയർത്തുന്നതിനു മുന്പു മൂന്നു വട്ടം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. തന്റെ വാക്കുകൾ ഭീഷണിയായി വേണമെങ്കിൽ കാണാമെന്നും സതീശൻ പറഞ്ഞു.
കേരളം പിണറായിക്ക് തീറെഴുതി കിട്ടിയതല്ല : കെ. സുധാകരൻ
Leave a Reply