കർണാടകയിലെ ഭരണം പിടിക്കാൻ വിമത കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിക്കൊണ്ട് നടത്തിയ നടപടി പാര്‍ട്ടി അധ്യക്ഷൻ അമിത് ഷായുടെ അറിവോടെയെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാര്‍ നടത്തിയ “ത്യാഗം” ചിലർ അംഗീകരിക്കുന്നില്ല. കർണാടകയിലെ സർക്കാറിനെ സംരക്ഷിക്കാൻ സംസ്ഥാനത്തെ ചില ബിജെപി നേതാക്കൾ രംഗത്തെത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

അയോഗ്യരായ എം‌എൽ‌എമാർ തന്നിൽ വിശ്വാസമർപ്പിച്ചെത്തുകയും അവരുടെ പിന്തുണയിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഭവത്തെ ഒരു “കുറ്റകൃത്യം” ചെയ്തതായാണ് ചിലർ കാണുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. ഹുബള്ളിയിൽ അടുത്തിടെ നടന്ന പാർട്ടി യോഗത്തിലായിരുന്നു നേതാക്കൾക്കെതിരെ യെഡിയൂരപ്പയുടെ ആക്ഷേപം. ഡിസംബർ 5 ൽ നടക്കാനിരിക്കുന്ന 15 നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി അയോഗ്യരായ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാർക്ക് ടിക്കറ്റ് നൽകുന്നതിനെതിരെയുള്ള എതിർപ്പിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം.

വിമത കോൺഗ്രസ്- ജെഡിഎസ് എം‌എൽ‌എമാരെ മുൻ നിർത്തിയുള്ള സഖ്യസർക്കാരിനെതിരായ നീക്കം അവസാന ദിവസങ്ങളിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിരീക്ഷണത്തിലായിരുന്നെന്നും പ്രസംഗത്തിന്റെ ഓഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ചില നേതാക്കൾ സംസാരിച്ച രീതി സർക്കാരിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നില്ല. 17 എം‌എൽ‌എമാരെ സംബന്ധിച്ച തീരുമാനം യെഡിയൂരപ്പയോ മറ്റേതെങ്കിലും സംസ്ഥാന നേതാവോ എടുത്തിട്ടില്ലെന്ന് നിങ്ങൾക്കറിയാം. ആ തീരുമാനം ദേശീയ പ്രസിഡന്റിന് അറിയാമായിരുന്നു, രണ്ടര മാസത്തോളം അവരെ മുംബൈയിൽ പാർപ്പിക്കുകയും, പിന്നീട് സംഭവിച്ച കാര്യങ്ങളും നിങ്ങൾക്കെല്ലാവർക്കും അറിയാം, ശരിയല്ലേ? മുഖ്യമന്ത്രി പറയുന്നു.

2.5 മുതൽ 3 മാസം വരെ അവർ തങ്ങളുടെ നിയോജകമണ്ഡലത്തിൽ പോകുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കത് അറിയാം, ശരിയല്ലേ? ഡിസംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ സർക്കാർ ഭരണം ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയോഗ്യരായ എം‌എൽ‌എമാർക്ക് ബിജെപിയിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടിക്കറ്റുകൾ നൽകുമെന്ന് യെദ്യൂയൂരപ്പയുടെ നേരത്തെയുള്ള പ്രഖ്യാപനം പാർട്ടി നേതാക്കളുടെ എതിർപ്പ് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.