എംഎം മണി എംഎല്‍എക്കെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കമ്മ്യൂണിസത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍’ എംഎം മണിയെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെകെ രമക്കെതിരെ എംഎം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ത്തിലാണ് കെ സുധാകരന്റെ പ്രതികരണം.

കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമായ കെകെ രമക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും കെ സുധാകരന്‍ അറിയിച്ചു. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, തന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വരുമ്പോള്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടുമെന്നും അതാണ് കഴിഞ്ഞ ദിവസം എംഎം മണിയിലൂടെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

‘ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എംഎം മണി പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.

കെ സുധാകരന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം-

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയന്‍.

തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിര്‍ദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സിപിഎമ്മില്‍ ആളുകളുണ്ട്. ഒരുപക്ഷെ സിപിഎം എന്നൊരു പാര്‍ട്ടിയില്‍ മാത്രമേ അത്തരക്കാര്‍ ഉണ്ടാവുകയുള്ളൂ.കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാന്‍ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നു.

സിപിഎമ്മിന്റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെണ്‍കുട്ടികളെ സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുകയാണ്, ശാക്തീകരണത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഇവരുടെ യഥാര്‍ത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളില്‍ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാള്‍ ക്രൂരരായ മനുഷ്യര്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക!കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അതിനവര്‍ക്ക് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അതിനിയും തുടരും. ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകും….