സെപ്തംബർ മാസത്തിന്റെ പകുതിയിലാണ് മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പാലിറ്റിയിലെ ഒരു എൻജിനീയറായ ഹർഭജൻ സിങ് പൊലീസിനെ സമീപിക്കുന്നത്. തന്നെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ചിലർ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. സെപ്തംബർ 19ന് ലോക്കൽ പൊലീസ് രണ്ട് സ്ത്രീകളെയും അവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. എൻജിനീയറുമായി ചില സ്വകാര്യ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അവ ഒളികാമറയിൽ പകർത്തുകയും അവയുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയുമാണ് ഈ സംഘം ചെയ്തത്. എന്നാൽ ഭീഷണിക്ക് വഴങ്ങാതിരുന്ന എൻജിനീയർ പരാതി നൽകിയതോടെ പുറത്തുവന്നത് രാജ്യത്തെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കാവുന്ന ഹണിട്രാപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ്. മുൻ മന്ത്രിമാരുടെയും എംഎൽഎമാരെയുമടക്കം നിരവധി പ്രമുഖരുടെ വീഡിയോകളാണ് പിടിച്ചെടുക്കപ്പെട്ടത്. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും നേതാക്കളാണ് ഹണി ട്രാപ്പിൽ കുടുങ്ങിയ രാഷ്ട്രീയക്കാർ.

ആർക്കെതിരെയായിരുന്നു എൻജിനീയറുടെ പരാതി?

3 കോടി രൂപയാണ് എൻജിനീയറിൽ നിന്നും സംഘം ചോദിച്ചത്. മധ്യപ്രദേശിലെ 12 ജില്ലകളിലാണ് ഹണിട്രാപ്പ് സംഘം കേന്ദ്രീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും ലൈംഗികാവശ്യ നിവൃത്തിക്കായി പെൺകുട്ടികളെ എത്തിച്ചു നൽകുകയും ഇവരുടെ സ്വകാര്യരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് സംഘത്തിന്റെ ശൈലി.

‍ആർതി ദയാൽ എന്നയാൾക്കെതിരെയായിരുന്നു ഹർഭജൻ സിങ്ങിന്റെ പരാതി. സെപ്തംബർ 17ന് പലാസിയ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.ഹർഭജൻ സിങ്ങിന്റെ സുഹൃത്തായിരുന്നു ആർതി ദയാൽ എന്ന് അന്നേദിവസം പ്രാദേശിക മാധ്യമങ്ങളിൽ വന്ന വാർത്ത വ്യക്തമാക്കി. ഹർഭജനെ 18കാരിയായ മോണിക്ക യാദവിനെ പരിചയപ്പെടുത്തിയത് ആർതിയാണ്. മോണിക്കയ്ക്ക് ഒരു ജോലി ശരിയാക്കിക്കൊടുക്കണമെന്നായിരുന്നു ആവശ്യം. ഹർഭജനും മോണിക്കയും ഒരു ഹോസ്റ്റൽ മുറിയിൽ താമസിച്ചു. ഇത് മോണിക്ക വീഡിയോ റെക്കോർഡ് ചെയ്തു.

ഈ വീഡിയോ ഉപയോഗിച്ചാണ് ബ്ലാക്മെയിലിങ് തുടങ്ങിയത്. ഇതിൽ 50 ലക്ഷം രൂപ നൽകാമെന്നു പറഞ്ഞ് ആർതിയെ വിളിച്ചുവരുത്തി. ആർ‌തി, മോണിക്ക, ഡ്രൈവർ ഓംപ്രകാശ് എന്നിവർ വിജയനഗറിലെ ബിഎസ്എം ഹൈറ്റ്സ് എന്ന സ്ഥലത്തെത്തി. ഇവിടെ വെച്ചാണ് അറസ്റ്റ് നടന്നത്.

ഈ മൂന്നുപേരുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റു പ്രതികളിലേക്കുള്ള അന്വേഷകരുടെ നീക്കം. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഇൻഡോർ പൊലീസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. ശ്വേത വിജയ് ജയിനിനെ മിനാൻ റസിഡൻസിയിൽ നിന്നും പിടികൂടി. ശ്വേത സ്വപാനിൽ ജയിനിനെ പിടികൂടിയത് റിവേറ ഹിൽസിൽ നിന്നായിരുന്നു. കോത്രയിൽ നിന്നും അമിത് സോണിയെ പിടികൂടി.

ആരതി ദയാൽ(29), മോണിക്ക യാദവ്(18), ശ്വേതാ വിജയ് ജെയിൻ (38), ശ്വേതാ സ്വപ്നിയാൽ ജെയിൻ( 48), ഖർഖ സോണി( 38) ഓം പ്രകാശ് കോറി( 45) എന്നിവരാണ് നിലവിൽ അന്വേഷകരുടെ പിടിയിലുള്ളത്.

സോഷ്യൽ മീഡിയയിൽ മുൻ മുഖ്യമന്ത്രിയുടെയും മറ്റൊരു പ്രമുഖ നേതാവിന്റെയും വീഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. ദൃശ്യങ്ങൾ ബ്ലൂ ടൂത്ത് വഴി മൊബൈൽ ഫോണിലേക്ക് പകർത്താൻ ശ്രമിച്ച ഒരു പോലീസുകാരനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പരസ്പരം പഴി ചാരുകയാണ് ഉദ്യോഗസ്ഥർ. ഇ ചെളി വാരിയെറിയലിനിടയിൽ ഒരു ഉദ്യോഗസ്ഥന് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നു വരെ മറ്റൊരു ഉദ്യോഗസ്ഥൻ ആരോപിക്കുകയുണ്ടായി.

ശ്വേത സ്വപാനിൽ ജയിനാണ് ഈ റാക്കറ്റിനെ നയിച്ചിരുന്നത്. തന്റെ ഭര്‍ത്താവായ സ്വപാനിൽ ജയിനുമായി ചേർന്നായിരുന്നു ഇവരുടെ നീക്കങ്ങളെല്ലാം. 12 ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു എൻജിഓയുടെ മറവിലായിരുന്നു പ്രവർത്തനങ്ങളെല്ലാം. 18 സ്ത്രീകളെ ഇതിനായി തയ്യാറാക്കി.

രാഷ്ട്രീയ നേതാക്കൾക്ക് റാക്കറ്റിന്റെ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടോ?

  സർക്കാർ പ്ലാൻ ബി തയ്യാറാക്കുന്നു, യുകെയിൽ കോവിഡ് മൂന്നാം തരംഗം തുടങ്ങിയതിന് തെളിവായി കണക്കുകൾ; മാറ്റ് ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ

ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. ബിജെപി എംഎൽഎ ബ്രിജേന്ദ്ര പ്രതാപ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ശ്വേത പ്രവർത്തിച്ചിരുന്നതെന്നത് ശ്രദ്ധേയമാണ്. മറാത്ത്‌വാഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു ശ്വേതയ്ക്.

രാഷ്ട്രീയത്തിലൂടെ അധികാരസ്ഥാനങ്ങളിലേക്കെത്താൻ ശ്വേത ശ്രമം നടത്തിയിരുന്നതാണ്. ഇവർ ബിജെപിയുടെ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് ഈയിടെ ആരോപിക്കുകയുണ്ടായി. ശ്വേതാ ജെയ്ൻ ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. ഭരണകേന്ദ്രങ്ങളിൽ ശക്തയായ ലോബീയിസ്റ്റായി മാറുകയായി അടുത്ത ശ്രമം. അറസ്റ്റിലായവരിലൊരാളായ ബര്‍ക്കാ സോണി കോണ്‍ഗ്രസിന്റെ മുന്‍ ഐടി സെല്‍ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്.

ഭോപ്പാലിലെ ഒരു ആഡംബര ക്ലബ്ബ് കേന്ദ്രീകരിച്ച് ശ്വേത പ്രവർത്തനങ്ങൾ തുടങ്ങി. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം എത്തിച്ചേരുന്നയിടം എന്നതിനാലാണ് ഈ ക്ലബ്ബിനെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഇവിടെയെത്തുന്ന ഉന്നതർക്ക് പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും കാണിച്ചു കൊടുത്ത് ഇടപാടുറപ്പിക്കും. പിന്നീട് അവരുടെ മുറികളിലേക്ക് പെൺകുട്ടികളെ അയയ്ക്കും. ഇക്കാരണത്താൽ തന്നെ പരിശോധനകളും മറ്റുമില്ലാതെ തന്നെ കാര്യങ്ങൾ നടന്നു.

ക്ലബ്ബുകൾ, ഹോട്ടലുകൾ, വീടുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ ഇടങ്ങളിൽ‌ വെച്ച് പെൺകുട്ടികൾ തങ്ങളുടെ ഇടപാടുകാരെ വീഡിയോയിൽ കുടുക്കി. ട്രെയിനിൽ വെച്ചുള്ള രംഗങ്ങൾ വരെ ഈ വീഡിയോകളിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ വെച്ചാണ് പല വീഡിയോകളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ശൃംഖല വളരെ വ്യാപ്തിയുള്ളതാണെന്ന് ഇതിൽത്തന്നെ വ്യക്തമാണ്.

ശ്വേത ഒരു വെറും ‘മാംസവ്യാപാരി’ മാത്രമായിരുന്നോ?

അല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താൻ സംഘടിപ്പിക്കുന്ന വീഡിയോകളുപയോഗിച്ച് പണം തട്ടുക മാത്രമല്ല ശ്വേത ചെയ്തു വന്നിരുന്നത്. നിരവധി കമ്പനികൾക്ക് ഇവർ സര്‍ക്കാരിന്റെ കരാറുകൾ നേടിക്കൊടുത്തു. കോർപ്പറേറ്റ് കമ്പനികൾ പോലും ശ്വേതയുടെ സഹായം തേടി. കോടികളുടെ സർക്കാർ കരാറുകളാണ് ശ്വേത എളുപ്പത്തിൽ സംഘടിപ്പിച്ചെടുത്തത്. സിനിമ, സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട നടിമാരെയും തന്റെ ആവശ്യങ്ങൾക്കായി ശ്വേത ഉപയോഗിച്ചിരുന്നു.

സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ശ്വേതയുടെ ഇടപെടലുണ്ടായിട്ടുണ്ട്. ഏതെല്ലാം അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും അതിന്മേൽ കേസന്വേഷണം കൊണ്ടുപോകുകയും ചെയ്യുകയെന്നത് അന്വേഷകരെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളിയായിരിക്കും.

മൂന്ന് മുഖ്യപ്രതികളെ കോടതി ഒക്ടോബർ നാലു വരെ റിമാൻ‌ഡ് ചെയ്തിട്ടുണ്ട്. പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. ലഭിച്ച വീഡിയോകളുടെ ഫോറൻസിക് പരിശോധന പൂർത്തീകരിക്കേണ്ടതുണ്ട്. ഐഎഎസുകാരും ചലച്ചിത്ര പ്രവർത്തകരുമെല്ലാം ഉൾപ്പെട്ട ആയിരത്തിലേറെ സെക്സ് ചാറ്റ് ക്ലിപ്പുകൾ, ലൈംഗിക വിഡിയോ ക്ലിപ്പുകൾ തുടങ്ങിയവയാണ് ഇതിനകം പിടിച്ചെടുത്തിട്ടുള്ളത്. ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളും വീഡിയോകളും മെമ്മറി കാർഡുകളില്‍ നിന്നും ഹാർഡ് ഡിസ്കുകളിൽ നിന്നും തിരിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറയുന്നത് ഈ കേസിനെ ഒതുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ്. അതിനു വേണ്ടിയാണ് കേന്ദ്രനിയന്ത്രണത്തിലുള്ള സിബിഐക്ക് കേസ് വിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം മതിയെന്ന് സർക്കാർ പറയുന്നത് കോൺഗ്രസ് നേതാക്കൾക്ക് പങ്കുള്ളതു കൊണ്ടാണെന്ന് ബിജെപിയും ആരോപിക്കുന്നു. സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണു കൈകാര്യം ചെയ്യുന്നതെന്നാണ് ബിജെപി വക്താവ് ദീപക് വിജയ് വർഗിയ ആരോപിക്കുന്നത്.

സിബിഐക്ക് കേസ് വിട്ടു നൽകിയാൽ വ്യാപം കേസിന്റെ വിധിയായിരിക്കും കേസിനുണ്ടാവുകയെന്നാണ് കോൺഗ്രസ് പറയുന്നത്. ബിജെപി ഭരണകാലത്ത് നടന്ന വ്യാപം കുംഭകോണവും അതുമായി ബന്ധപ്പെട്ടുണ്ടായ തുടർ കൊലപാതകങ്ങളും സംബന്ധിച്ച അന്വേഷണം എവിടെയുമെത്തിയിട്ടില്ല.