കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനായി തീരുമാനിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചു. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ തീരുമാനിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി കെ. സുധാകരൻ സ്ഥിരീകരിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായാണ് കെ. സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. നിലവില്‍ കണ്ണൂര്‍ എം.പിയാണ് കെ. സുധാകരന്‍. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചവരുടെ അന്തിമ പട്ടികയിൽ കെ. സുധാകരന് തന്നെയായിരുന്നു മുൻ‌തൂക്കം.

അദ്ധ്യക്ഷ പദവിയിലേക്ക് ആര് വരണമെന്ന കാര്യത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ മൗനം പാലിച്ചിരുന്നു. ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അതിനോടപ്പം നിൽക്കുമെന്നായിരുന്നു ഇവരുടെ നിലപാട്. കോൺഗ്രസിലെ ഭൂരിപക്ഷം എം.പിമാരും എം.എല്‍.എമാരും കെ. സുധാകരനെ അദ്ധ്യക്ഷ സ്ഥാനത്ത് കൊണ്ടു വരണമെന്ന അഭിപ്രയക്കാരായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല.