ശബരിമല ബിജെപിയെ തുണച്ചില്ല. പാർട്ടികൾക്കെല്ലാം അതീതമായി പൂഞ്ഞാര്‍ പി.സി ജോർജിനൊപ്പമെന്ന ധാരണയും പൊളിച്ചടുക്കി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാറി മറിയുന്ന ലീഡ് നിലകളിൽ അടൂർ മണ്ഡലത്തിൽ മാത്രമാണ് സുരേന്ദ്രന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മൽസരമെന്ന ധാരണ ഉയർത്തിയെങ്കിലും സ്ഥിതി മാറി മറിയുകയായിരുന്നു. ആന്റോ ആന്റണിയുടെ കൃത്യമായ മുന്നേറ്റമാണ് പത്തനംതിട്ടയിൽ പ്രകടമാകുന്നത്. ഇതിനൊപ്പം വീണാ ജോർജിന് അപ്രതീക്ഷിത തിരിച്ചടിയായത് സ്വന്തം മണ്ഡലത്തിൽ പിന്നാലായതാണ്. പിന്നീട് അതും മറികടന്നു.
ശബരിമല വിഷയം മാത്രം ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രൻ പത്തനംതിട്ട മൽസരിക്കാൻ തിരഞ്ഞെടുത്തത്. മണ്ഡലങ്ങളിൽ അദ്ദേഹത്തിന് കിട്ടിയ ഗംഭീര സ്വീകരണം ഇരുമുന്നണികളെയും ഉറക്കം കെടുത്തിയിരുന്നു. പ്രചാരണത്തിനും വ്യക്തമായ മേൽക്കൈ നേടാൻ സുരേന്ദ്രനും ബിജെപിക്കും കഴിയുകയും ചെയ്തു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇൗ വികാരങ്ങളെല്ലാം ഗുണം ചെയ്തത് യുഡിഎഫിനാണ്. പത്തനംതിട്ടിയിൽ ബിജെപി ഇതാ വിജയിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച പി.സി ജോർജിനും തക്കതായ മറുപടിയാണ് പൂഞ്ഞാറിലെ ജനങ്ങൾ നൽകിയത്. ഇവിടെ മൂന്നാമതാകാനെ സുരേന്ദ്രന് കഴിഞ്ഞുള്ളൂ. എക്സിറ്റ്പോളുകളിൽ പോലും ബിജെപിക്ക് വ്യക്തമായ ആധിപത്യം ഇവിടെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ വിധിയെഴുത്തിൽ ഇതൊന്നും പ്രകടമായില്ല.
സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ.സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്.
Leave a Reply