ലവ് ജിഹാദ് വിവാദത്തില്‍ സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് മാപ്പ് പറയേണ്ടിവരുമെന്ന് താന്‍ കഴിഞ്ഞദിവസം പറഞ്ഞത് യാഥാര്‍ത്ഥ്യമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്ര വര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതര സമൂഹം അംഗീകരിച്ചേ മതിയാകൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണ്. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ലവ് ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ തയ്യാറായ ജോര്‍ജ് എം തോമസിന് ഇനി എത്ര നാള്‍ പാര്‍ട്ടിയില്‍ തുടരാനാവുമെന്ന് കണ്ടറിയണം എന്നായിരുന്നു കഴിഞ്ഞദിവസം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നുകില്‍ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയില്‍ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇന്ന് ലവ് ജിഹാദ് വിവാദങ്ങളില്‍ വിശദീകരണവുമായി ജോര്‍ജ് എം തോമസ് രംഗത്തെത്തിയതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പുതിയ പ്രതികരണം.

ലവ് ജിഹാദില്‍ ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. തീവ്രവര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നല്ലോ.

ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി.ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്ക് അയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല -എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.