നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് മടങ്ങും.

സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോഴായിരുന്നു കെ സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.

കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ തുടരുകയായിരുന്നു സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനാവാതെയാണ് സുരേന്ദ്രൻ മടങ്ങുന്നത്.

ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുമായി സംസ്ഥാനത്തെ സംഘടനാ സ്ഥിതി ചർച്ച ചെയ്തു.

സുരേന്ദ്രന്റെ നേതൃത്വത്തിൽ ആർഎസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി മുരളീധര വിരുദ്ധ വിഭാഗം ശക്തമായി രംഗത്തുണ്ട്. ഈ മാസം 16ന് മുൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്ന് കെ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കാനാണ് മുരളീധര വിരുദ്ധ വിഭാഗം നേതാക്കളുടെ തീരുമാനം.