സ്വന്തം മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓപ്പണ്‍ സ്റ്റേജ് ചര്‍ച്ചയാവുന്നു. ഒക്‌ടോബര്‍ 12നാണ് തന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഒരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തിയ വിവരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഓഡിറ്റോറിയം എന്നു മന്ത്രി പറഞ്ഞെങ്കിലും ചിത്രം ഒരു സ്റ്റേജിന്റേത്. കഴക്കൂട്ടം കുളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആ ഓപ്പണ്‍ സ്റ്റേജിന്റെ ചിത്രം കണ്ടവരെല്ലാം ഞെട്ടി. കൂടിപ്പോയാല്‍ അഞ്ച് അല്ലെങ്കില്‍ ആറു ലക്ഷം ചെലവ് മാത്രം വരുന്ന ഒന്ന്.
സ്‌കൂള്‍ മുറ്റത്ത് ഉറപ്പുള്ള തറയിലാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നുവശം ചുവരും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജിനൊപ്പം ഡ്രസ്സിങ് റൂമും റസ്റ്റ് റൂമും നിര്‍മ്മിച്ചു. കര്‍ട്ടനുകളൊക്കെ പിടിച്ച് കെട്ടാന്‍ രണ്ട് മൂന്ന് കമ്പികളും. വയറിങ്ങുകള്‍ പൂര്‍ത്തിയാക്കി പെയിന്റും അടിച്ചു. പിന്നെ സ്റ്റേജിന്റെ മുകളില്‍ സ്‌കൂളിന്റെ പേരിനേക്കാള്‍ വലിപ്പത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എന്ന് വലിയ തിളങ്ങുന്ന അക്ഷരത്തില്‍ എഴുതി. മറ്റ് ഓപ്പണ്‍ സ്റ്റേജുമായി നിര്‍മ്മാണത്തിലോ പ്ലാനിലോ യാതൊരു വ്യത്യാസവും ഇല്ലതാനും. എന്നിട്ടും 35 ലക്ഷം എങ്ങനെ ചെലവായി എന്നാണ് സേഷ്യല്‍ മീഡിയ ചോദിക്കുന്നത്.
മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. പരിഹാസത്തോടെ പ്രതികരിച്ചവരും നിരവധിയാണ്. ‘എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നാല്‍ എംഎല്‍എയുടെ ആസ്തി വികസിപ്പിക്കുന്ന ഫണ്ട് എന്നാണര്‍ത്ഥം. അതേ കടകംപള്ളിയും പറഞ്ഞുള്ളൂ’ എന്നാണ് ഒരു കമന്റ്. ബാക്കി 32 ലക്ഷവും മുക്കിയല്ലേ എന്ന് മറ്റൊരു പ്രതികരണം. ‘ആ 35 ലക്ഷം മുടക്കിയ സ്റ്റേജിന്റെ പേരാണോ കടകംപള്ളി സുരേന്ദ്രന്‍’ എന്നാണ് ഒരു ചോദ്യം. ’35 ലക്ഷം കൊണ്ട് ഇത്രേം വലിയ ഓഡിറ്റോറിയം, ഹോ, ഭീകരം തന്നെ’, ‘കൈക്കൂലിയും വെട്ടിപ്പും ഉള്‍പ്പടെയുളള തുക ഉള്‍പ്പെടുത്തി പോസ്റ്റിട്ട മന്ത്രിക്ക് അഭിനന്ദങ്ങള്‍’ തുടങ്ങിയ പ്രതികരണങ്ങള്‍ നീണ്ടുപോകുന്നു.
നാല് തൂണില്‍ ഷീറ്റിട്ട ബസ് സ്റ്റോപ്പ് നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം വരെ ചെലവാക്കിയ നിരവധി സംഭവങ്ങള്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേചടങ്ങില്‍ത്തന്നെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം ചെലവില്‍ മിനി ഓഡിറ്റോറിയം ഒരു കെട്ടിടത്തിന് മുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശ്രീനാരായണ സ്മാരക ഹാള്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
Leave a Reply