യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി യു കെ യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന കൈരളി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 ശനിയാഴ്ച യു കെ സമയം വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന കെ.ജി ജോർജ് അനുസ്മരണത്തിൽ പ്രശസ്ത മലയാള ചലച്ചിത്ര നിരൂപകനായ ശ്രീ ജി.പി രാമചന്ദ്രൻ , നവാഗത സംവിധായകനും തിരക്കഥാ കൃത്തുമായ ശ്രീ കമൽ കെ എം എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും.

കഴിഞ്ഞ സെപ്റ്റംബർ 24 ന് അന്തരിച്ച ശ്രീ .കെ.ജി ജോർജ് മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക് തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ടാണ് കടന്നു പോയത്. സ്വപ്‌നാടനം , യവനിക, ആദാമിൻ്റെ വാരിയെല്ല്,, മറ്റൊരാൾ, ഈ കണ്ണി കൂടി, ഇരകൾ, ഉൾക്കടൽ, മേള , കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, പഞ്ചവടി പാലം തുടങ്ങിയ സിനിമകൾ എല്ലാം തന്നെ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്ന നവാഗതകർക്ക് പാഠപുസ്തകങ്ങൾ എന്ന പോലെ കാലഘട്ടത്തെ അതി ജീവിക്കുന്ന ദൃശ്യാവിഷ്ക്കരണമായി അഭ്ര പാളികളിൽ പ്രതിഭയുടെ കൈയൊപ്പ്‌ പതിപ്പിച്ച കലാകാരനാണ് ശ്രീ കെ .ജി ജോർജ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു കെയിൽ എങ്ങോളമുള്ള ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയാണ് കൈരളി ഫിലിം സൊസൈറ്റി. കലാമൂല്യമുള്ളതും സാമൂഹ്യപ്രതിബദ്ധതയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച സംഘടിപ്പിക്കുകയും, അതിലൂടെ മലയാള സിനിമയെ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൈരളി ഫിലിം സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നത്. ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷം ചെയ്ത ‘അവനോവിലോന’, ഡോ. ബിജു സംവിധാനം ചെയ്ത്, സൂരാജ് വെഞ്ഞാറമൂട് അഭിനയിച്ച ‘പേരറിയാത്തവര്‍ ‘ രാജീവ് രവിയുടെ ‘ തുറമുഖം’ തുടങ്ങിയ സിനിമകളുടെ ചർച്ചകൾ കൈരളി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇതിനു മുമ്പ് നടത്തിയത് ശ്രദ്ധേയമായിരുന്നു.

ഒക്ടോബർ 7 ശനിയാഴ്ച യു കെ സമയം വൈകീട്ട് 5 മണിക്ക് (ഇന്ത്യൻ സമയം 9 .30 pm ) നു ഓൺലൈനിൽ നടക്കുന്ന ശ്രീ കെ ജി ജോർജ് അനുസ്മരണത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക് ഇതോടൊപ്പം നല്കുന്നു – https://fb.me/e/1ClkRBMvC