മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ ചെറുകുന്നത്തെ വയോധികയുടെ മരണം കൊലപാതകമാണെന്നു കുറത്തികാട് പോലീസ്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നേറ്റിപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ(80)യാണു കഴിഞ്ഞവ്യാഴാഴ്ച വൈകീട്ടു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നമ്മയുടെ മകന്‍ സന്തോഷിനെ(41) അറസ്റ്റ്ചെയ്തു.

രാത്രി ഒന്‍പതുമണിയോടെ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ, കുറത്തികാട് പോലീസ് സ്ഥലത്തെത്തി സംസ്‌കാരം നടത്തുന്നതു തടഞ്ഞിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഇടപെടല്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മാത്രംമതി സംസ്‌കാരമെന്നു പോലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് മൃതദേഹം കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണംകൊലപാതകമെന്ന് ഉറപ്പിച്ചത്.

ഞായറാഴ്ച ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത മകന്‍ സന്തോഷിന്റെ അറസ്റ്റ് തിങ്കളാഴ്ചയാണു രേഖപ്പെടുത്തിയത്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചിട്ടില്ല.സന്തോഷ് മദ്യപിച്ചെത്തി ചിന്നമ്മയെ മര്‍ദിക്കുന്നതു പതിവായിരുന്നെന്നു നാട്ടുകാര്‍ പോലീസിനോട് സൂചിപ്പിച്ചു. ചിന്നമ്മയുടെ തൈറോയ്ഡ്ഗ്രന്ഥിക്കും കഴുത്തിലെ എല്ലിനും പൊട്ടലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവസമയം സന്തോഷിന്റെ മകന്‍ അമ്പാടിയും സന്തോഷിന്റെ അനുജനും ഭിന്നശേഷിക്കാരനുമായ സുനിലും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളുടെയും ബന്ധുക്കളുടെയും അമ്പാടിയുടെയും മൊഴിയെടുത്ത പോലീസ് സന്തോഷിനെ ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പുനടത്തും.