വളർത്തുനായയുടെ നഖം പോറിയതിന് പിന്നാലെ പേവിഷബാധയേറ്റ ഒൻപതുവയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ജിഷ-സുഹൈൽ ദമ്പതിമാരുടെ മകൻ ഫൈസലിനാണ് ദാരുണമരണം സംഭവിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മരണം.ഇടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.
ഒരുമാസത്തോളം പ്രായമായ വളർത്തുനായക്കുട്ടിയുടെ നഖം കൊണ്ട് ഫൈസലിന് നേരിയ പോറലേറ്റിരുന്നു. എന്നാൽ നിസാര മുറിവായതിനാൽ തന്നെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മാർച്ചിലാണ് നായക്കുട്ടിയെ കളിപ്പിക്കുന്നതിനിടയിൽ കുട്ടിക്ക് നായയുടെ നഖംകൊണ്ട് കൈത്തണ്ടയിൽ പോറലേറ്റത്. ഇതിനിടയിൽ കുട്ടിയുടെ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു.
കുട്ടിയുടേത് ചെറിയ പോറൽമാത്രമായതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. പിന്നീട് വേനലവധിയായതിനാൽ രണ്ടുമാസത്തോളം അച്ഛൻ സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസൽ. ദിവസങ്ങൾക്കുമുമ്പ് അമ്മയുടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് അസുഖം തുടങ്ങിയത്. കലശലായ പനിയും അസ്വസ്ഥതയും പ്രകടമാക്കിയതിനെ തുടർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ചു.
ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയി. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.
Leave a Reply