സൂപ്പർ സ്റ്റാർ രജനീകാന്തിനു പിന്നാലെ ഉലക നായകൻ കമൽഹാസനും രാഷ്ട്രീയത്തിലേക്കെന്ന് സൂചന.സംസ്ഥാനത്തെങ്ങും അഴിമതിയാണെന്ന് കമൽഹാസൻ നേരത്തെ പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കമലിന്റെ പ്രതികരണത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് വന്ന് അഴിമതിയെ തുടച്ചു നീക്കാൻ ചില മന്ത്രിമാർ കമൽഹാസനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

കമൽഹാസൻ തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ഒരു കവിതയാണ് ഉടൻതന്നെ കമലും രാഷ്ട്രീയത്തിലേക്കെത്തുമെന്ന സൂചന നൽകുന്നത്. രാഷ്ട്രീയത്തിൽനിന്നും എപ്പോഴും അകലം പാലിച്ചിരുന്ന കമലിന്റെ ഈ പുതിയ നീക്കം പലരെയും അതിശയിപ്പിച്ചിട്ടുണ്ട്.

തമിഴിലാണ് കവിത എഴുതിയിട്ടുളളത്. ഞാൻ തീരുമാനമെടുത്താൽ പിന്നെ ഞാൻതന്നെ മുഖ്യമന്ത്രി എന്ന കവിതയിലെ വരികളാണ് കമലിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള സൂചന നൽകുന്നത്. സാധാരണക്കാർ എന്നോടൊപ്പം ചേരൂവെന്നും കവിതയിൽ പറയുന്നു. തമിഴ് മനസ്സിലാകാത്തവർക്ക് ഇംഗ്ലീഷ് ദിനപത്രങ്ങളിൽ കവിത വായിക്കാമെന്നും കമൽ ട്വിറ്ററിൽ എഴുതിയിട്ടുണ്ട്.