ഇടതുപക്ഷത്തിന്റെ മുന്നണി പോരാളിയും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.

2015 മുതലാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്‌. 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌. എഐവൈഎഫ്‌ സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തി. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.

എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കനാത്തിന്റെ പോരാട്ടവീര്യം എ.ഐ.ടി.യു.സി.യിലൂടെയും കേരളം കണ്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സംഘടനയെ ഇന്ത്യയിലെ കരുത്തുള്ള ഘടകമാക്കിമാറ്റി. സിനിമ, ഐ.ടി., പുതുതലമുറബാങ്കുകള്‍ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളില്‍ ഘടകങ്ങളുണ്ടാക്കി.

ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.