റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുബൈ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റുമെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും എന്നുമാണ് താരം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.
‘മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒരുകാര്യം ചോദിക്കാനുണ്ട്. ഇന്ന് നിങ്ങള്‍ ഇന്ന് അര്‍ണാബിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അയാളെ തല്ലിച്ചതച്ചു, തലമുടിയില്‍ വലിച്ച് വണ്ടിയിലേക്ക് കയറ്റി. എത്ര വീടുകള്‍ ഇതുപോലെ തകര്‍ക്കും നിങ്ങള്‍? ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റും. എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങള്‍ അടിച്ചമര്‍ത്തും? സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍? ഈ ശബ്ദങ്ങളെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കും. ഞങ്ങള്‍ക്ക് മുമ്പ് നിരവധി പേര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് അര്‍ണബ് ഗോസ്വാമിയെ വസതിയില്‍നിന്ന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
അന്‍വയ് നായികിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു. കേസില്‍ നേരത്തെ മഹാരാഷ്ട്ര പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നുവെങ്കിലും അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും പരാതി നല്‍കിയത് പ്രകാരമാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണവിധേയമായി അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.
Leave a Reply