മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കാര്യമായ കുറവ് യുഡിഎഫിന് ഉണ്ടായിട്ടുണ്ട്. വോട്ടെണ്ണലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.പി. ബഷീറിന് ഒരു ഘട്ടത്തില്‍പ്പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് ലീഡ് കുറഞ്ഞതായാണ് ഫലം വ്യക്തമാക്കുന്നത്. എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയ തെരഞ്ഞെടുപ്പില്‍ ബിജെപി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എസ്ഡിപിഐക്ക് ആദ്യമായാണ് വേങ്ങരയില്‍ ഇത്രയും വോട്ടുകള്‍ ലഭിക്കുന്നത്. പോളിംഗ് ദിവസം പുറത്തുവന്ന സോളാര്‍ ബോംബ് വേങ്ങരയില്‍ കാര്യമായി പൊട്ടിയില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

മലപ്പുറം ലോക്‌സഭാ സീറ്റില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ മണ്ഡലത്തില്‍ ലീഗിന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.