മെട്രിസ് ഫിലിപ്പ്

മേടം ഒന്നിന് ലോകമലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുവെന്നു കേൾക്കുമ്പോൾത്തന്നെ വിഷുക്കണി, അതിന്റെ ഒരുക്കം, കൈനീട്ടം, വിഷു സദ്യ അങ്ങനെയെല്ലാം മനസിലേക്കോടിയെത്തുന്നു. കൃഷ്ണഭഗവാനേയും കണിക്കൊന്നപ്പൂവും കണിവെള്ളരിക്കയും മറ്റു ഫലങ്ങളും തലേ ദിവസം തന്നെ ഒരുക്കി വെയ്ക്കുന്നു.

രാവിലെ ഭഗവാനെകണ്ടു തൊഴുത്, കാരണവൻമാരുടെ കൈയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങുന്നു, പിന്നെ സദ്യയുണ്ട്, വിഷു അടയും കഴിച്ച് ആടിപ്പാടി വിഷു ആഘോഷിക്കുന്നു.

വിഷുവിനു കണിവെള്ളരിക്ക പ്രധാനം തന്നെയെന്ന് ഏവർക്കും അറിയാം. മൂന്നു കുട്ടുകാർ കുംഭം-മീനം മാസത്തിൽ ചെയ്ത വെള്ളരിക്ക കൃഷിയുടെ കഥയാണ് ഇവിടെ പറയുന്നത്. ഇരുപതു വർഷങ്ങൾക്കു മുൻപ് ഒരു ഗ്രാമത്തിൽ നടന്ന കഥ..!!

കഥ തുടങ്ങുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പണിയെടുക്കുന്ന എല്ലാ കർഷകർക്കും നന്മ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…

മുപ്പതു വർഷങ്ങൾക്കു മുൻപൊക്കെ ഉഴവൂരിൽ ഒരുപാടു വയലുകളും തോടുകളുമെല്ലാം ഉണ്ടായിരുന്നു. കരിമാക്കിതോട്, വലിയതോട്, പെരുന്താനം തോട്, കരുനെച്ചി തോട്, ടൗൺ തോട്, അങ്ങനെ നിരവധി തോടുകൾ.. മഴക്കാലമാകുമ്പോൾ ഇവയെല്ലാം കരകവിഞ്ഞൊഴുകും. ഒരുപാടു കർഷകരുള്ള നാടാണ് ഉഴവൂർ . ഉഴവുകളുടെ നാട് എന്നും പറയും.

നെല്ല്, പച്ചക്കറി കൃഷികൾ കൂടാതെ പശുവളർത്തൽ തുടങ്ങിയവയുമുണ്ട് ഈ ഗ്രാമത്തിൽ. വലിയ തോർത്തുമുണ്ടുടുത്തു തലയിൽ പാളതൊപ്പിയും വെച്ച് വയലിൽ കാളയെ പൂട്ടിയ വണ്ടി ഓടിക്കുന്ന ഒരുപാട് അപ്പാപ്പൻമാരെ ഓർമ്മ വരുന്നു. ഉഴവൂർ- പാലാ റോഡിൽ നെല്ല്, വൈക്കോൽക്കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകൾ എവിടെയും കാണാമായിരുന്നു.

ഇനി കഥയിലേക്കു വരാം. പെരുന്താനം പടിഞ്ഞാറുഭാഗം അതായതു കുറിച്ചിത്താനം അമ്പലത്തിന്റെ ഭാഗങ്ങൾ. അവിടെയെല്ലാം നിറയെ പാടശേഖരങ്ങൾ. കൊയ്ത്തു കഴിഞ്ഞാലുടൻ തന്നെ കൊണ്ട കൃഷി എന്ന പേരിൽ പയർ, പാവൽ, വെള്ളരി, കോവൽ എല്ലാം കൃഷി ചെയ്യും. ഈ പാടങ്ങളുടെ അരികിലൂടെ ഒരു തോട് പോകുന്നുണ്ട്. ആ തോട്ടിലെ വെള്ളം ചെല്ലുന്നത് പൂവത്തുങ്കലിൽ ഉള്ള വലിയ തോട്ടിലേക്കാണ്. പാടങ്ങളോടു ചേർന്ന് ഈ തോടുള്ളതിനാൽ വേനൽക്കാലത്തും എപ്പോഴും വെള്ളം ഉണ്ടാകും.

ഉഴവൂർ കോളേജിൽ പഠിക്കുവാൻ പെരുന്താനം പടിഞ്ഞാറു ഭാഗത്തുനിന്നും ഒരുപാടു കുട്ടികൾ വന്നിരുന്നു. കോളേജിലേക്കു നടന്നാണ് ഇവരൊക്കെ പോയിരുന്നത്. എന്റെ വീടിന്റെ മുൻപിലൂടെ. അങ്ങനെ കൂട്ടുകൂടിയ മൂന്നു കട്ട ഫ്രണ്ട്‌സ്, കുഞ്ഞനും, ജോബിയും പിന്നെ ഞാനും…!!

കോളേജ് പഠനം കഴിഞ്ഞെങ്കിലും അയൽവാസികളായ ഞങ്ങൾ കൂട്ടുകൂടി നടന്നു. പള്ളിപ്പെരുന്നാളുകൾ, ഉത്സവങ്ങൾ എന്നുവേണ്ട എല്ലാ പരിപാടികൾക്കും ഞങ്ങൾ മൂവരും ഒത്തുചേർന്നാണ് പോയിരുന്നത്.

അങ്ങനെ വർഷങ്ങൾ കടന്നുപോയി… ഞങ്ങൾക്കു കൃഷിയിൽ വളരെ താൽപ്പര്യമുണ്ടാകുന്നു. അങ്ങനെയൊരു ജനുവരി മാസത്തിൽ കൂട്ടുകൃഷി ചെയ്താലോയെന്നു തീരുമാനിക്കുന്നു. അതും വെള്ളരി കൃഷി ചെയ്താലോ എന്ന്…!

ജോബിയുടെ എളയമ്മയുടെസ്ഥലം മുൻപ് പറഞ്ഞ തോടിന്റെ സൈഡിലുള്ള വയലാണ്, പെരുന്താനം പടിഞ്ഞാറേഭാഗം… എന്റെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരമുണ്ട്. അന്നു കൃഷിയോഫീസിൽ നിന്നും സഹായങ്ങൾ കിട്ടുമായിരുന്നു. അവിടെ ഒരു അപേക്ഷയും കൊടുത്തു. രഘുച്ചേട്ടൻ നൽകിയ വിത്തുകൾ, ഉഴുതു മറിച്ച വയലിൽ മൂന്നുപേരും ചേർന്നു തടമെടുത്തു പാകി. തോട്ടിൽ വെള്ളമുള്ള സമയമായിരുന്നതുകൊണ്ട് രാവിലെയും വൈകിട്ടും ഓരോ തടത്തിലും വെള്ളം ഒഴിച്ചു.

തടത്തിൽ വെള്ളമൊഴിച്ചു മടുത്തിരിക്കുമ്പോൾ കൂട്ടത്തിൽ ഉള്ള ഒരു സഹോദരൻ കൊണ്ടുവരുന്ന പങ്ക് നീരയും ചെണ്ടൻകപ്പയും മുളകും വാഴയിലിൽ എടുത്തു വെച്ചു കഴിക്കും. അങ്ങനെയിരുന്നു തങ്ങളുടെ കൃഷിയിടത്തിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്‌തി…!!

വിത്തുപൊട്ടി പുതിയ നാമ്പുകൾ തലപൊക്കിത്തുടങ്ങിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷം… ദിവസങ്ങൾ വേഗത്തിൽ കടന്നുപൊയ്ക്കൊണ്ടിരുന്നു. അതിനൊപ്പം വെള്ളരിത്തണ്ടുകൾ കണ്ടത്തിൽ പടർന്നു കൊണ്ടുമിരുന്നു. ഇടയ്ക്കു ചാണകവും ഇട്ടുകൊടുത്തു. പ്രാണി ശല്യത്തിന് മരുന്നു വാങ്ങി അടിച്ചു. അങ്ങനെ കൃഷിയുടെ ഓരോ അവസ്ഥകളും ഞങ്ങൾ ആസ്വദിച്ചു ചെയ്യുകയായിരുന്നു. എന്നാൽ പെട്ടെന്നാണതു സംഭവിച്ചത്. തോട്ടിലെ വെള്ളം വറ്റിയിരിക്കുന്നു…!!

വെള്ളത്തിനു വേണ്ടി ഞങ്ങൾ അലഞ്ഞു. തോട്ടിൽ ഒരു കുഴികുത്തിയാൽ വെള്ളം ലഭിക്കുമെന്ന് തൊട്ടപ്പുറത്തു കൃഷി ചെയ്യുന്ന ചേട്ടൻ പറഞ്ഞു. മൂന്നുപേരും കൂടി വലിയ കുഴികുത്തി. ആദ്യ സമയങ്ങളിൽ വെള്ളം ലഭിച്ചു. എന്നാൽ കാലക്രമേണ ആ വെള്ളവും വറ്റിപ്പോയി. ഇനി എന്ത് ചെയ്യുമെന്നാലോചിച്ച് തലയിൽ കൈ വെച്ച് ആ തോട്ടുവക്കിൽ മൂന്നു പേരുമിരുന്നു. അപ്പോൾ ദൈവദൂതനെപ്പോലെ അടുത്തുള്ള ചേട്ടൻ പറഞ്ഞു, അവരുടെ കണ്ടത്തിൽ ഒരു കിണറുണ്ട്, അതിൽ നിന്നും വെള്ളം എടുത്തോളാൻ. വെള്ളത്തിനു വേണ്ടിയുള്ള വെള്ളരിയുടെ നിലവിളിക്കു മുൻപിൽ ദൂരം, ദൂരമല്ലതായി. അങ്ങനെ മൂന്നുപേർ ചേർന്ന് രാവിലെയും വൈകിട്ടും മുടങ്ങാതെ വെള്ളവും ഒപ്പം വളവും നൽകി വന്നു.

വെള്ളരിവള്ളികൾ ആ കണ്ടത്തിൽ മുഴുവൻ പടർന്നു. വള്ളികളിൽ നിറയെ പൂവ് വിടർന്നു. മനസിൽ സന്തോഷത്തിന്റെ അലമാലകൾ നിറഞ്ഞു. ഇനിയാണ് കൂടുതൽ വെള്ളം വേണ്ട സമയവും. രണ്ടാഴ്ച്ചക്കുള്ളിൽ പൂവെല്ലാം വിടർന്നു, കായ്കൾ വന്നുകൊണ്ടേയിരുന്നു. ആരും കണ്ണു വയ്ക്കുന്ന രീതിയിലുള്ള വിളവ്… സന്തോഷത്തിന്റെ ദിവസങ്ങൾ. സ്വർണ്ണനിറമുള്ള കണിവെള്ളരികൾ കാണുവാൻ വയലിന്റെ അടുത്തുള്ളയാളുകൾ വന്നുകൊണ്ടിരുന്നു. എന്നാൽ മറ്റാരുമറിയാതെ അടുത്തുള്ള ഒരു വ്യക്തി ഈ വെള്ളരിയിൽ കണ്ണു വെച്ചിട്ടുണ്ടായിരുന്നു.

വിളവെടുപ്പിന്റെ സമയമായി. അപ്പോഴാണ് ഒരാഴ്‌ചത്തെ പഠനയാത്രയ്ക്കായി എനിക്കു ലക്ഷദ്വീപിലേക്കു പോകേണ്ടി വന്നത്. വെള്ളരിക്കകൾക്കു കാവൽ നിൽക്കണമെന്ന് എന്റെ പ്രിയ കൂട്ടുകാരോട് പ്രത്യേകം പറഞ്ഞിട്ടാണ്‌ പോയത്. എന്നാൽ മറ്റു ചില അസൗകര്യങ്ങൾ കാരണം രാത്രിയിൽ കാവൽ നിൽക്കാൻ ഇവർക്കു സാധിച്ചില്ല. ആ തക്കം നോക്കി, ആ വ്യക്തി, വിളഞ്ഞു നിന്ന വെള്ളരികൾ ചാക്കിലാക്കി പോയി… പിറ്റേദിവസം ഇവർ വന്നു നോക്കിയപ്പോൾ ഒട്ടേറെ വെള്ളരികൾ കാണുവാനില്ല. തലയിൽ കൈവെച്ച് അവർ വാവിട്ടു കരഞ്ഞു… എന്തു ഫലം!

എല്ലാം പോയി. ഇനിയുള്ളതു കൂടി കൊണ്ടുപോകേണ്ട എന്നു കരുതി എല്ലാം പറിച്ചെടുത്തു. ചാക്കുകളിലാക്കി ഉഴവൂരിലുള്ള പച്ചക്കറി കടകളിൽ കൊണ്ടുപോയി വില്ക്കാൻ ശ്രമിച്ചു. എന്നാൽ അവർക്കെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നത് മതി. കൂട്ടുകാർക്ക് ഇതെല്ലാം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ആരോ പറഞ്ഞു, കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയാൽ വിൽക്കാമെന്ന്..!

അവസാനം ഈ വെള്ളരികളെല്ലാം നിസ്സാരവിലയ്ക്കു കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റുകിട്ടിയ പണവും വാങ്ങി ഉഴവൂർക്കു തിരിച്ചുപോന്നു. രണ്ടു മാസം വെള്ളം കോരിയതു മിച്ചം. എന്നാലും അവർക്കു വിഷമമില്ല. കൃഷിക്കു വേണ്ടി കടം വാങ്ങിയ പണം എല്ലാവർക്കും തിരികെകൊടുത്തു, ബാക്കിയുള്ള തുച്ഛമായ തുക അടിച്ചുപൊളിച്ചു സന്തോഷമാക്കി തീർത്തു.

എന്നാൽ അവർക്കു ഏറ്റവും സന്തോഷമായത്, തങ്ങളുടെ വിളവ് കട്ടെടുത്തു കള്ളും കുടിച്ചു , ‘മാനസ മൈനേ വരൂ…. ‘ എന്ന് ആടിപ്പാടി വരുന്നയാളെക്കണ്ടപ്പോഴാണ്… കളവു ചെയ്തയാളോടു വഴക്കുണ്ടാക്കിയിട്ട് എന്തു പ്രയോജനം…?

വർഷങ്ങളും വേനലും ഒരുപാടു കടന്നു പോയിട്ടും ഇവരിന്നും അടുത്ത കൂട്ടുകാരായിത്തന്നെ ജീവിക്കുന്നു. ഇനിയുമൊരു വെള്ളരികൃഷി സ്വപ്നം കണ്ടങ്ങനെ….