റൂട്ട് കനാല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവില്‍ മുഖം തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയെത്തുടര്‍ന്ന് മുഖം നീര് വന്ന് വീര്‍ത്തതോടെ പുറത്ത് പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് താരം.

ബെംഗളുരു സ്വദേശിനിയായ സ്വാതി ഓറിക്‌സ് ഡെന്റല്‍ എന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ അസഹ്യമായ വേദന അനുഭവപ്പെടുകയും മുഖം നീര് വയ്ക്കുകയും ചെയ്തു.

ഇതേപ്പറ്റി ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് ചോദിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കുറഞ്ഞ് കൊള്ളുമെന്നായിരുന്നു മറുപടി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നീര് വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ടതോടെ നടി മറ്റൊരു ആശുപത്രിയെ സമീപിച്ചു.

ഇവിടെയെത്തിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തെറ്റായ വിവരങ്ങളും മരുന്നുകളുമാണ് നല്‍കിയതെന്ന് മനസ്സിലാകുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കുന്നതിന് പകരം സാലിസിറ്റിക് ആസിഡ് ആണ് ഡോക്ടര്‍ കുത്തിവച്ചത്. സംഭവം തിരിച്ചറിഞ്ഞതോടെ നീര് കുറയുന്നതിനും മറ്റുമായി ഈ ആശുപത്രിയില്‍ താരം ചികിത്സ തേടി.

നിലവില്‍ നടി സുഖം പ്രാപിച്ച് വരികയാണെന്നാണ് വിവരം. എഫ്‌ഐആര്‍, 6 ടു 6 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടിയാണ് സ്വാതി.