അനുജ സജീവ്

ട്രെയിൻ ചീറിപ്പായുകയാണ് രാത്രിയിലെ യാത്രയാണ്. സൈഡ് ലോവർ സീറ്റാണ് എന്റേത്. ഉറക്കം കിട്ടുന്നേയില്ല. ഇടയ്ക്ക് എതിർപാളത്തിലൂടെ പായുന്ന ട്രെയിനുകളുടെ ശബ്ദം. ആരൊക്കെയോ ടിക്കറ്റ് ഇല്ലാതെ ബോഗിയിൽ കയറിയിട്ടുണ്ട് ടി ടി ഇ ഇടയ്ക്കിടെ എത്തുന്നു. ഉറക്കം തെളിയുമ്പോൾ എന്റെ എതിർവശത്തുളള സീറ്റിൽ ഒരാൾ ഉണർന്നിരിപ്പുണ്ട് മൊബൈലിൽ നോക്കിയിരിക്കുന്നു. ടി. ടി. ഇ വരുമ്പോൾ വേഗന്ന് സീറ്റിലേയ്ക്ക് കയറി കിടക്കും. ഗാഢനിദ്ര ………. പോയിക്കഴിയുമ്പോൾ എഴുന്നേറ്റിരിക്കും എന്റെ മനസ്സിൽ ചെറിയ ഒരു ഭീതികടന്നുകൂടി. പിന്നീട് ഉറങ്ങാനേ കഴിഞ്ഞില്ല. ചെറിയ ഒരു മയക്കത്തിലേയ്ക്കു വീണപ്പോൾ ആരോ എന്റെ കാൽപാദത്തിൽ സ്പർശിക്കുന്നപോലെ,, ഞെട്ടിയുണർന്നു നോക്കിയപ്പോൾ മുൻപിൽ ഒരു പെൺകുട്ടിയാണ് ഇരിക്കുന്നത്.

‘’ ഞാൻ മാറിയിരിക്കണോ ? ”

മര്യാദയുടെ കുഞ്ഞുശബ്ദം. “” വേണ്ട മോളെ….. ”

ഒരു കൂട്ടുകിട്ടിയ ആശ്വാസമായിരുന്നു എനിക്ക് . ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന പെൺകുട്ടി വളരെ ആവേശത്തിലാണ്. അവളുടെ ആദ്യത്തെ ട്രെയിൻ യാത്രയാണ്. ദൂരെയുളള ഏതോ ബന്ധുവീട്ടിൽ പോകുന്നു.

” മലയുടെ മുകളിൽ ഒരു നക്ഷത്രം കണ്ടോ ? ”

അതോ വിളക്കുകത്തിച്ചതാരിക്കുമോ ?……

പുറത്ത് കാണുന്ന വീടുകൾക്കൊന്നും മേൽക്കൂരയില്ലല്ലോ .. ഇരുട്ടത്ത് അവൾ മേൽക്കൂര കാണാത്തതാണ്. ഞാൻ കൗതുകത്തോടെ അവളെ നോക്കിയിരുന്നതല്ലാതെ അവളുടെ കണ്ടുപിടുത്തങ്ങൾ ഒന്നും തിരുത്താൻ പോയില്ല. കുറച്ചു നേരം കൂടി അവളവിടെയിരുന്നു..

അപ്പോഴാണ് ബോഗിയുടെ മറ്റൊരു വശത്തുനിന്നും ഒരു കറുത്ത ഫ്രെയിമുളള കണ്ണട എന്നെ ലക്ഷ്യമാക്കി നീങ്ങുന്നു. കയ്യിലെ രണ്ടു ബാഗും എന്റെ അടുത്തു കൊണ്ടു വന്നു വച്ചു ഇൗ കറുത്ത ഫ്രെയിമുളള കണ്ണടയ്ക്ക് എന്നെ കുറെ നാളുകളായി പരിചയമുണ്ട് മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നും എന്നെ കാണാനായി എത്തിയതാണ്.
നേരിട്ടുളള ആദ്യ കൂടികാഴ്ച …… തിരക്കുപിടിച്ച നഗരത്തിലെ ഒരു മാളിൽ വച്ച് ഒരു കൂടികാഴ്ച നേരത്തെതന്നെ ഉറപ്പിച്ചുവച്ചതാണ്.

ഗ്രാമത്തിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനിൽ നിന്നും നഗരത്തിലേയ്ക്കു ട്രെയിൻ കയറി സീറ്റ് കണ്ടെത്താനുളള തിരക്കിൽ വേഗത്തിൽ നടക്കുകയാണ്. അപ്പോളാണ് എന്നെ വിളിക്കുന്ന ഒരു ശബ്ദം കേൾക്കുന്നത്. അമ്പരപ്പോടെ നോക്കിയപ്പോൾ കറുത്ത ഫ്രെയിമുളള കണ്ണട. കണ്ണടയ്ക്കു ളളിൽ സ്നേഹാർദ്രമായ രണ്ടുകണ്ണുകൾ, വിശ്വസിക്കാനേ പറ്റുന്നില്ല. ട്രെയിനിൽ കയറിയ വേഗതയൊന്നും പിന്നീടുണ്ടായില്ല. ഞാൻ പതിയെ എന്റെ സീറ്റിൽ വന്നിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ കറുത്ത ഫ്രെയിമുളള കണ്ണട എന്നേ നോക്കി നിൽക്കുന്നു ………. ജീവിതത്തിലെ അത്യപൂർവ്വമായ നിമിഷങ്ങൾ …..

ഞാൻ കയറിയ ബോഗിയിൽ നേരത്തെ ബുക്ക് ചെയ്ത് എന്നെ അറിയിക്കാതെ അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ ഒരുക്കിയതാണ് എന്ന് പിന്നീടറിഞ്ഞു. ദുഃഖസാന്ദ്രമായ എന്റെ ജീവിതത്തിലേയ്ക്ക് ആശ്വാസത്തിന്റെ കണികയുമായി അകലത്തുനിന്നും വന്നെത്തിയ കണ്ണട. എന്റെ മുഖം ഞാൻ ആ കണ്ണടയുടെ തോളിൽ മെല്ലെ ചായ്ച്ചു. ട്രെയിനിന്റെ വേഗത കൂടിയിരിക്കുന്നു. ഒപ്പം മനസ്സുകളുടെയും………

വര : അനുജ സജീവ്

അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .