ജബ്ബാർക്കടവിൽ മത്സരപ്പാച്ചിലിനും തർക്കത്തിനുമിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്കു പതിച്ചു 15 പേർക്കു പരുക്ക്. പിറകുവശം മണ്ണിൽ അമർന്നു നിന്നു മലക്കംമറിച്ചിൽ ഒഴിവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട സമയം റോഡിൽ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും രക്ഷയായി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മടങ്ങി.

ഇരിട്ടി – പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിനു സമീപം ഇന്നലെ 12 ഓടെ അപ്പാച്ചി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപ്പാച്ചി ബസും 10 മിനിറ്റിനു ശേഷം ഓടേണ്ട പായം എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നു യാത്ര ആരംഭിച്ചപ്പോൾ മുതൽ മത്സരപാച്ചിൽ ആയിരുന്നെന്നു യാത്രക്കാർ പറഞ്ഞു.

പായം ബസ് അപ്പാച്ചി ബസിനെ മറികടന്നു ജബ്ബാർക്കടവ് കയറ്റത്തിൽ കുറുകെ ഇട്ടു. തുടർന്നു വാക്കേറ്റമായി. പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട അപ്പാച്ചി ബസ് പിറകോട്ടു ഉരുണ്ട് 20 അടി താഴ്ചയിലേക്കു പതിച്ചു.കുറുകെ ഇട്ട ബസുകാർ അപകടം കണ്ടിട്ടും നിർത്തുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.

ഇവർ പോകുന്ന വഴി സമീപത്തെ സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളോടു ഒരു ബസ് താഴോട്ടു വീഴുന്നത് കണ്ടതായി പറഞ്ഞു. ഇവിടുന്ന് ഓടിയെത്തിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും എത്തി.

ജബ്ബാർക്കടവിൽ സമയം തെറ്റിച്ചു ഓടുകയും കുറുകെ ഇട്ട് സ്വകാര്യ ബസിന് അപകടം വരുത്തുകയും ചെയ്ത് പായം സ്വകാര്യ ബസ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു നിർദേശം നൽകി.

(അപകടത്തിൽപെട്ട ബസിലെ യാത്രക്കാരി)

“ബസുകൾ മത്സരിച്ചാണ് ഓടിയത്. യാത്രക്കാരെല്ലാം ഭയന്നാണു ബസിൽ ഇരുന്നത്. ജബ്ബാർക്കടവിൽ ഞങ്ങൾ സഞ്ചരിച്ച ബസിനു മുന്നിൽ കുറുകെ ഇട്ടു മറ്റേ ബസുകാർ തടഞ്ഞു. വാക്കേറ്റത്തിന് ശേഷം ബസ് മുന്നോട്ടു എടുക്കുമ്പോൾ വലിയ ശബ്ദത്തോടെ പിറകോട്ടു ഉരുണ്ടിറങ്ങിയത് ഓർമയുണ്ട്. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലത്തു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്ന ബസിൽ നിന്നാണു പുറത്തിറങ്ങിയത്.” – ലളിത ആറളം