സ്ഥിരം കെഎസ്ആർടിസിയെ കുറിച്ചുണ്ടായിരുന്ന പരാതി കൈകാണിച്ചാൽ പോലും നിർത്തില്ലെന്നായിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു യാത്രക്കാരനെ അന്വേഷിച്ച് അഞ്ച് കിലോമീറ്ററോളം തിരിച്ചോടി ഈ ആനവണ്ടി ഞെട്ടിച്ചിരിക്കുകയാണ്. ഒരാഴ്ച മുൻപാണ് സംഭവം.
ഇരിട്ടി ബസ് സ്റ്റാൻഡിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസാണ് ഉന്നത ഉദ്യോഗസ്ഥന്റെ ഫോൺവിളിയെ തുടർന്ന് തിരിച്ചോടിയത്. ബംഗളൂരുവിൽനിന്ന് മൈസൂരു, വീരാജ്‌പേട്ട, ഇരിട്ടി, കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന സൂപ്പർ എക്‌സ്പ്രസ് ബസ് ഇരിട്ടിയിൽ എത്തിയപ്പോൾ ഏച്ചൂർ വഴി പോകുമോ എന്ന് ഒരാൾ ചോദിച്ചിരുന്നു. ഇല്ലെന്ന് കണ്ടക്ടർ മറുപടിയും നൽകി ഇയാളെ തിരിച്ചയച്ചു.
പിന്നീട് യാത്രക്കാരുമായി പുറപ്പെട്ട വണ്ടി ഉളിയിൽ എന്ന സ്ഥലത്തെത്തിയപ്പോൾ കണ്ടക്ടർക്ക് ഒരുഫോൺ കോളെത്തി. ഉയർന്ന ഓഫീസറുടേതാണ് കോൾ. എന്തുകൊണ്ട് ആ യാത്രക്കാരനെ കയറ്റിയില്ല. യാത്രക്കാരനെയും കൂടെയുള്ളവരെയും കയറ്റിയില്ലെന്ന് പരാതി വന്നിട്ടുണ്ട്. ഉടൻ വണ്ടി തിരിച്ചെടുത്ത് യാത്രക്കാരനെ കയറ്റണം. ഇതായിരുന്നു ഉന്നതന്റെ ആവശ്യം. മുകളിൽനിന്നുള്ള ഉത്തരവായതിനാൽ കണ്ടക്ടർ മറിച്ചൊന്നും ചിന്തിക്കാതെ വണ്ടി തിരിച്ചുവിടാൻ ഡ്രൈവർക്ക് നിർദേശം നൽകി.
ഇത്രദൂരം സഞ്ചരിച്ച വണ്ടി പെട്ടെന്ന് തിരിച്ചുവിട്ടപ്പോൾ യാത്രക്കാരും അക്ഷമരായി. എങ്കിലും ചോദ്യങ്ങൾക്കൊന്നും ആരും ഒരുമറുപടിയും പറഞ്ഞില്ല. നേരെ ഇരിട്ടി സ്റ്റാൻഡിലെത്തി യാത്രക്കാരനെ തപ്പിയെങ്കിലും യാത്രക്കാരന്റെ പൊടിപോലും കണ്ടില്ല. യാത്രക്കാരനെ കിട്ടിയില്ലെന്ന് കണ്ടക്ടർ റിപ്പോർട്ടുചെയ്ത ശേഷമാണ് ബസ് യാത്ര വീണ്ടും തുടങ്ങിയത്.
ഏച്ചൂർ വഴി ബസ് പോകില്ലെന്ന് യാത്രക്കാരനോട് പറഞ്ഞിരുന്നുവെന്ന് കണ്ടക്ടർ പറയുന്നു. അയാൾ ചിലപ്പോൾ ഓഫീസിൽ വിളിച്ച് തെറ്റിദ്ധരിപ്പിച്ചതായിരിക്കും കണ്ടക്ടർ പറഞ്ഞു. ഏച്ചൂർ വഴി ബസ് പോകില്ലെന്നറിഞ്ഞിട്ടും ഇത്രദൂരം ബസ് തിരിച്ചെടുത്ത് യാത്രക്കാരനെ അന്വേഷിക്കാൻ പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ നടപടിയിൽ ജീവനക്കാർക്ക് പ്രതിഷേധമുണ്ട്.
Leave a Reply