ബിസ്‌ക്കറ്റ് കഴിച്ചതിന് ശേഷം ഉപേക്ഷിച്ച ബിസ്‌കറ്റ് കവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. വനിതാദിനത്തിൽ വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതിയെയാണ് പോലീസ് പിടികൂടിയത്. ചപ്പാരപ്പടവ് ഒടുവള്ളി പുറത്തൊടിയിൽ തനിച്ചു താമസിക്കുന്ന 72 വയസ്സുകാരിയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണവള കവർന്ന സംഭവത്തിലാണ് ആലക്കോട് തേർത്തല്ലി ചെമ്പിലകം സിബി വർഗീസിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂർണ്ണമായും വിജനമായ സ്ഥലത്താണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ തന്നെ പ്രതിയെ ആരും കണ്ടിരുന്നില്ല. ഇരയ്ക്ക് ഇയാളെ പരിചയവുമുണ്ടായിരുന്നില്ല. പിന്നീട് തെളിവ് തേടിയ പോലീസ് ഇയാൾ സ്ഥലത്ത് ഉപേക്ഷിച്ച് ബിസ്‌ക്കറ്റ് കവർ കണ്ടെത്തുകയും ഇത് കേന്ദ്രീകരിച്ചു നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
വീടിനു സമീപത്തുനിന്ന് കണ്ടെത്തിയ ബിസ്‌കറ്റ് കവറിന് പിന്നാലെ പോയ പോലീസ് ബിസ്‌കറ്റ് വാങ്ങിയ കട കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. അവിടെയുള്ള സിസിടിവി ക്യാമറയിൽനിന്ന് സിബിയുടെ ദൃശ്യം ലഭിച്ചിക്കുകയായിരുന്നു. ഇയാൾ സ്‌കൂട്ടറിൽ ആണ് വന്നത് എന്ന് മനസ്സിലാക്കിയപ്പോൾ അന്ന് ഒടുവള്ളി വഴി കടന്നുപോയ നിരവധി സ്‌കൂട്ടറുകളുടെ വിവരങ്ങൾ ശേഖരിച്ച് ഒടുവിൽ സിബിയുടെ സ്‌കൂട്ടറിന്റെ നമ്പർ പോലീസ് കണ്ടെത്തി. ഇയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ വയനാട്ടിലേക്കു കടന്നതായി അറിയുകയും പിന്നീടു തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടികൂടുകയും ചെയ്തത്. വയോധികയുടെ വള പെരുമ്പടവിൽ പണയം വച്ചതായും കണ്ടെത്തി. ഇവിടെയുള്ള സിസിടിവിയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
വിജനമായ സ്ഥലത്തെ വീട്ടിലേക്കു പോകുമ്പോൾ ആർക്കും സംശയം തോന്നാതിരിക്കാൻ ബന്ധു വീട്ടിലേക്ക് പോകുന്ന പ്രീതിക്കു വേണ്ടിയാണ് ഇയാൾ ബിസ്‌കറ്റ് വാങ്ങിയത്. പ്രസ്തുത കടയിൽനിന്നും കയ്യുറയും ഇയാൾ വാങ്ങിയിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വനിതാ ദിനത്തിൽ വയോധികയ്ക്ക് എതിരെ നടന്ന ആക്രമണം പ്രദേശവാസികളെ രോഷാകുലരാക്കിയിരുന്നു. ജനങ്ങൾ പ്രതിഷേധമുയർത്തിയതോടെ തളിപ്പറമ്പ് ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സിഐ വി ജയകുമാർ എസ്‌ഐ പിഎം സുനിൽകുമാർ, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗമായ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം കാര്യക്ഷമമായ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Leave a Reply