പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുന്നണിമാറ്റത്തില്‍ മാണി സി കാപ്പന്‍ വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും. അന്തിമചര്‍ച്ചകള്‍ക്കായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ നാളെ(10) ഡല്‍ഹിക്ക് വിളിപ്പിച്ചു. രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതോടെ കാപ്പന്‍ യുഡിഎഫിന്‍റെ ഭാഗമാകുമെന്നാണ് സൂചന.

സീറ്റ്ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന വ്യക്തമായ സന്ദേശവും എന്‍സിപിക്ക് സിപിഎം നല്‍കി കഴിഞ്ഞു. ഇതോടെ അവഗണന സഹിച്ച് ഇടത് മുന്നണിയില്‍ തുടരാനില്ലെന്ന് കാപ്പനും ഉറപ്പിച്ചു.

ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും മുന്നണിമാറ്റ പ്രഖ്യാപനം. കാപ്പന് പുറമെ എ.കെ. ശശീന്ദ്രനെയും ടി.പി. പീതാംബരനെയും പവാര്‍ വിളിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സിപിഎം നിലപാടില്‍ അതൃപ്തിയുണ്ടെങ്കിലും എന്‍സിപി ഒറ്റക്കെട്ടായി മുന്നണി വിടാനുള്ള സാധ്യത വിരളമാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുന്നണിമാറ്റത്തിന്റെ സൂചനകള്‍ കാപ്പന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

പതിനാലിനാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്നത്. ഈ വേദിയില്‍ കാപ്പനെ എത്തിക്കാനാണ് യുഡിഎഫ് നീക്കം. മുന്നണിമാറ്റം അനിവാര്യമായിരിക്കെ പാലാ മണ്ഡലത്തിൽ നാളെ മുതല്‍ നടത്താനിരുന്ന വികസന വിളംബര ജാഥയും മാണി സി. കാപ്പൻ മാറ്റിവെച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിൽ നടത്തിയ വികസന പ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായാണ് ജാഥ നിശ്ചയിച്ചിരുന്നത്. 25ാം തീയതിക്ക് ശേഷം ജാഥ നടത്താനാണ് പുതിയ തീരുമാനം.