സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിനു തിരിച്ചടി. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് ഡയറക്ടറുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു.

മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. വിധി പറയുന്നതു വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞിരുന്നു.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.