അറിവ് അത് സാഗരമാണ്.. പഠിക്കാനുള്ള ആഗ്രഹം വയസ്സായത് കൊണ്ട് നഷ്ടപ്പെട്ട് പോകുന്നില്ല എന്നതിന്റെ തെളിവാണ് 96 വയസ്സുകാരി കാർത്യായനിയമ്മ തെളിയിച്ചിരിക്കുന്നത്. സാക്ഷരതാമിഷന്റെ ‘അക്ഷരലക്ഷം’ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയിരിക്കുന്നത് ഈ മുത്തശ്ശിയാണ്. 100 ല്‍ 98 മാര്‍ക്ക്. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര്‍ എല്‍പി സ്‌കൂളില്‍ ശ്രദ്ധയോടെ പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയെയും അവരുടെ ഉത്തര പേപ്പറിലേക്കു നോക്കാന്‍ ശ്രമിക്കുന്ന എണ്‍പതുകാരന്‍ സഹപാഠി രാമചന്ദ്രനെയും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. നൂറാം വയസില്‍ പത്തു പാസാകണം എന്ന ആഗ്രഹം പറഞ്ഞ കാര്‍ത്യായനിയമ്മയെ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി നാളെ ആദരിക്കും.

‘അക്ഷരം വെളിച്ചമാണ്, അതഗ്‌നിയാണ്, പൊള്ളലാണ്’– വിറയാര്‍ന്ന കൈ കൊണ്ടു തൊണ്ണൂറ്റാറുകാരി കാര്‍ത്യായനിയമ്മ സാക്ഷരതാമിഷന്‍ ‘അക്ഷരലക്ഷം’ പരീക്ഷയുടെ ഉത്തരക്കടലാസിലെഴുതിയ ഈ വാക്കുകള്‍ പ്രചോദനം പകരുന്നത് അക്ഷരങ്ങളെ അറിയാത്തവര്‍ക്കു മുഴുവനുമാണ്. പഠിക്കാന്‍ വൈകിയെന്നു കരുതുന്നവര്‍ക്കെല്ലാം കാര്‍ത്യായനിയമ്മ ഒരു വഴിവിളക്കാണ്. പ്രായം ഒന്നിനും തടസ്സമല്ലെന്ന ഓര്‍മപ്പെടുത്തലും.

‘പഠിച്ചതത്രയും ചോദിച്ചില്ലല്ലോ ?’ അക്ഷരലക്ഷം പരീക്ഷ കഴിഞ്ഞപ്പോള്‍ ഓടിയെത്തിയ സതി ടീച്ചറോടു കാര്‍ത്യായനിയമ്മ ആദ്യം പങ്കുവച്ചത് ഈ കൊച്ചു പരിഭവമായിരുന്നു. സാക്ഷരതാ മിഷന്‍ പ്രേരകായ സതി ടീച്ചര്‍ ആദ്യം ഒന്നമ്പരന്നു, പിന്നെ പൊട്ടിച്ചിരിച്ചു. കാരണം പഠിച്ചതത്രയും വന്നില്ലെന്നു പരിഭവം പറയുന്നത് അക്ഷരലക്ഷം പരീക്ഷയെഴുതിയ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ‘കുട്ടി’യാണ്. പരീക്ഷയെഴുതാതെ ‘മുതിര്‍ന്ന കുട്ടികള്‍’ പലരും വീട്ടില്‍ മടി പിടിച്ചിരുന്നപ്പോള്‍ ഹാളില്‍ അരമണിക്കൂര്‍ നേരത്തേയെത്തി മുന്‍ ബഞ്ചില്‍ ഇടം പിടിച്ചിരുന്നു ഈ മുതുമുത്തശ്ശി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രദ്ധയോടെ ചോദ്യപേപ്പര്‍ വായിക്കുമ്പോഴാണ് തൊട്ടടുത്തിരുന്ന എണ്‍പതുകാരന്‍ സഹപാഠി രാമചന്ദ്രന്‍ ഉത്തരപേപ്പറിലേക്കു നോക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയത്. ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയ ഒരു ചിത്രമായിരുന്നു. പേപ്പർ നോക്കിയാ വല്യപ്പനെ ഡീബാർ ചെയ്യണമെന്നുള്ള രസകരമായ കമെന്റുകൾ വരെ പ്രത്യക്ഷപ്പെട്ടു. പരീക്ഷാ ചുമതലക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ രാമചന്ദ്രനും നല്ല കുട്ടിയായി. പരീക്ഷ കഴിഞ്ഞപ്പോള്‍ വായനാ വിഭാഗത്തില്‍ ഫുള്‍ മാര്‍ക്ക്. 40ല്‍ 38 മാര്‍ക്കുണ്ട് കാര്‍ത്യായനിയമ്മയ്ക്ക്. കണക്കില്‍ മുഴുവന്‍ മാര്‍ക്കും. ഒന്നുകൂടി പഠിക്കണമെന്ന ആഗ്രഹം ഹരിപ്പാട് ചേപ്പാട് സ്വദേശിനിയായ കാര്‍ത്യായനിയമ്മയ്ക്ക് തോന്നുന്നത് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ജനുവരിയില്‍ വീട്ടിലെത്തിയപ്പോഴാണ്. അപ്പോള്‍ പ്രായം 96.

പഠിക്കണമെന്നു പറഞ്ഞതു തമാശയ്‌ക്കെന്നാണു സാക്ഷരതാ മിഷന്‍ പ്രേരകായ കെ.സതി ആദ്യം കരുതിയത്. എന്നാല്‍ കാര്‍ത്യായനിയമ്മ സീരിയസായിരുന്നു. മുതുമുത്തശ്ശി അക്ഷര ലോകത്തില്‍ രണ്ടാമത്തെ ഹരിശ്രീ കുറിച്ചതോടെ പഠിക്കാന്‍ മടിച്ചു നിന്ന പലരും മുന്നോട്ടുവന്നെന്നു സാക്ഷരതാ മിഷന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍ പറയുന്നു. തുല്യതാ പരീക്ഷയ്ക്കു മുന്‍പായുള്ള അക്ഷരലക്ഷം പരീക്ഷയ്ക്കായി ആറു മാസത്തിലധികം നീണ്ട ചിട്ടയായ പഠനം. ‘പിള്ളേരു പഠിച്ചില്ലേലും അമ്മ പഠിക്കുന്നുണ്ട്. വീടിനായി ഒരുപാടു കഷ്ടപ്പെട്ട അമ്മ ഇപ്പോള്‍ പുസ്തകമൊക്കെ വായിച്ച് സന്തോഷമായിരിക്കുന്നു. ഇതു കാണുമ്പോ ഞങ്ങളും ഹാപ്പി’. സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷ കഴിഞ്ഞ വര്‍ഷം പാസായ മകള്‍ അമ്മിണിയമ്മയും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം കട്ട സപ്പോര്‍ട്ടുമായി മുത്തശ്ശിക്കൊപ്പമുണ്ട്. കാർത്യായാനിയമ്മ ഇന്ത്യൻ മാധ്യമങ്ങളിൽ എല്ലാം ഇതിനകം ഇടം പിടിച്ചു. താമസമില്ലാതെ ലോക മാധ്യമങ്ങളിൽ കേരളത്തിലെ ഈ “കൊച്ചുകുട്ടി” സ്ഥാനം പിടിക്കുമെന്നത് ഉറപ്പ്.