എട്ടുവര്‍ഷമായി മകന്‍റെ മരണത്തിന്‍റെ സത്യമറിയാനുള്ള പോരാട്ടത്തിലാണ് പത്തനംതിട്ട കുഴിക്കാല സ്വദേശി അഭിഭാഷകനായ എം.എസ്.രാധാകൃഷ്ണന്‍. രണ്ടായിരത്തി പതിനാലില്‍ മംഗളൂരുവിലാണ് രാധാകൃഷ്ണന്‍റെ മകനായ എംബിബിസ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറി.

മംഗളൂരു എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു രോഹിത് രാധാകൃഷ്ണന്‍. 2014 മാര്‍ച്ച് 22ന് ആണ് രോഹിത് അപകടത്തില്‍പ്പെട്ടതായി കുടുംബത്തെ അറിയിക്കുന്നത്. അവിടെയെത്തിയപ്പോഴാണ് രോഹിത് മരിച്ചെന്ന വിവരം അറിയുന്നത്. അമിതവേഗത്തില്‍ ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ അപകടത്തില്‍പ്പെട്ട് മരിച്ചെന്നാണ് പൊലീസും കോളജുമായി ബന്ധപ്പെട്ടവരും പറഞ്ഞത്. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. മരത്തിലിടിച്ചാണ് തല വേര്‍പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.. കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഒരു അധ്യാപകന്‍ മുന്‍പ് രോഹിത്തിനെ മര്‍ദിച്ചിട്ടുണ്ടെന്നും സ്ഥിരമായി ദ്രോഹിച്ചിരുന്നതായും കുടുംബം പറയുന്നു.

കുടുംബത്തിന്‍റെ എതിര്‍പ്പവഗണിച്ച് എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം എംബാം ചെയ്തു. പൊലീസും പിന്നീട് കേസന്വേഷിച്ച സിബിസിഐഡിയും ഗുരുതരമായ അനാസ്ഥയാണ് അന്വേഷണത്തില്‍ കാണിച്ചത്. കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകനും ഗുരുതരമായ അനാസ്ഥ കാണിച്ചു. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയം സമീപിച്ചത്. രോഹിത്തിന്‍റേത് കൊലപാതകമാണെന്നാണ് സംശയം. സിബിഐ അന്വേഷണത്തിലാണ് പ്രതീക്ഷ. രോഹിത്തിന്‍റെ സഹപാഠികളുടേയും ചില അധ്യാപകരുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും പിതാവ് പറയുന്നു.