“കരുണ’ വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ ആഷിഖ് അബു പരിഹസിച്ചു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. സർക്കാരിനു കൈമാറിയ ചെക്കിലെ തിയതി ചൂണ്ടിക്കാട്ടിയാണു സന്ദീപിന്റെ പരിഹാസം. കരുണ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതു സംബന്ധിച്ച വിവരങ്ങൾ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഫെബ്രുവരി പതിനാലിനു തുക കൈമാറിയെന്നാണു ചെക്കിൽനിന്നു വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണു സന്ദീപ് ആഷിഖിന്റെ വിശദീകരണങ്ങൾ തള്ളുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കഐംഎഫ്) നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ലെന്ന വിവരാവകാശരേഖ സന്ദീപ് വാര്യരാണു പുറത്തുവിട്ടത്.
ആഷിഖ് അബു നൽകിയ വിശദീകരണങ്ങൾക്കു മറുപടിയുമായി ഹൈബി ഈഡൻ എംപി. ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീത നിശയെന്ന് റീജണൽ സ്പോർട്സ് സെന്ററിനു നൽകിയ കത്തിൽ വ്യക്തമാണെന്നും രണ്ടുദിവസം മുന്പ് മാത്രമാണ് സർക്കാരിന് 6,22,000 രൂപ നൽകിയതെന്നും ഹൈബി ചൂണ്ടിക്കാട്ടി. കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും അദ്ദേഹം പരിഹസിച്ചു.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ആഷിഖ് അബു,
ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുന്പോൾ മനസിലാവുന്നത്. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.
കാര്യങ്ങൾ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക് മറുപടിയിൽ പറയുന്നത് റീജിയണൽ സ്പോർട്സ് സെന്റർ തങ്ങളുടെ ആവശ്യം “സ്നേഹപൂർവ്വം അംഗീകരിച്ചു’ എന്നാണ്. എന്നാൽ നിങ്ങളുടെ അപേക്ഷ ഞടഇ കൗണ്സിൽ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദത്തെ തുടർന്ന് അനുവദിക്കാൻ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗണ്സിലിൽ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. നിഷേധിക്കുമോ? മാത്രവുമല്ല, ഒക്ടോബർ 16 ന് ബിജിബാൽ ആർഎസ് സി ക്ക് നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ? കത്തിന്റെ പകർപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളിൽ ഇതിന്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടായി.
പ്രളയം ഉണ്ടായപ്പോൾ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട എം.എൽ.എ.യും ഈ സംഗീത നിശ നടക്കുന്പോൾ എം.പി.യുമായിരുന്നു ഞാൻ. പ്രളയാനന്തരം 46 വീടുകൾ സുമനസുകളുടെ സഹായത്തോടെ പൂർത്തീകരിച്ച തണൽ ഭവന പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധിയാണ് ഞാൻ. ചോരക്കൊതിയന്മാരായ, താങ്കളുടെ പാർട്ടിക്കാർ കൊന്നൊടുക്കിയ കൃപേഷിന്റെയും ശരത് ലാലിന്റെയും ഒന്നാം ഓർമ്മ ദിവസമാണ് നാളെ. കൃപേഷിന്റെ ഒറ്റമുറി വീടിന് പകരം വെറും 41 ദിവസം കൊണ്ട് പുതിയ ഭവനം ഒരുക്കിയതും ഇതേ തണൽ ഭവന പദ്ധതിയാണ്. പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ അടക്കം എറണാകുളത്തെ ജനങ്ങളോടൊപ്പം നിന്ന ഒരു ജനപ്രതിനിധിയാണ് ഞാൻ. ഇതെങ്കിലും ആർക്കെങ്കിലും നിഷേധിക്കാനാകുമോ?? അങ്ങനെയുളള സ്ഥലം എം.പി.യെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാൻ ആഷിക്കിനോടോ സംഘാടകരിൽ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ? സൗജന്യ പാസ് ആരോപണം നിങ്ങൾ ഉന്നയിച്ചത് പരിപാടി ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതിനല്ല എന്ന് സമർത്ഥിക്കാനാണല്ലോ? അപ്പോൾ ഈ പരിപാടിക്കായി ആർഎസ് സി സൗജന്യമായി ചോദിച്ചത് ആർഎസ് സി യെ കബളിപ്പിക്കുവാനായിരുന്നോ?
ഞാൻ പറഞ്ഞതിൽ അങ്ങ് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഒരു ചോദ്യമുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രതിഫലം കൊടുത്തിരുന്നോ? അതോ, അവർക്കും ആർഎസ് സി ക്ക് കൊടുത്തത് പോലെ ഒരു കത്ത് കൊടുക്കുകയായിരുന്നോ? ഇതിന്റെ പാപഭാരത്തിൽ നിന്ന് അവരെയെങ്കിലും ഒഴിവാക്കിക്കൂടെ? മേൽപ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുന്പോൾ തിരക്കഥ ഒരു പരാജയമാണല്ലോ! ചോദ്യങ്ങൾ ഇനിയും ബാക്കിയാണെങ്കിലും താങ്കൾ ചെക്ക് നൽകിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം പൂർത്തീകരിക്കാനായി എന്നതിൽ ആത്മാഭിമാനമുണ്ട്. താങ്കൾ നൽകിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുൻപ് ഉള്ളത് ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ..
സ്നേഹപൂർവ്വം
ഹൈബി ഈഡൻ
കൂടുതൽ അന്വേഷണം നടത്താൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഐജിക്കും കമ്മീഷണർക്കും നിർദേശം നൽകി. താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിനോട് അന്വേഷിക്കാൻ കളക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ അറിയിച്ചു. പരിപാടിയിലൂടെ സംഭരിച്ച തുക സംഘാടകർ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയില്ലെന്നാരോപിച്ച് സന്ദീപ് വാര്യർ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതു തെളിയിക്കുന്നതിനായ് വിവരാവകാശ രേഖയും അദ്ദേഹം പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറിയതായി ആരോപണങ്ങൾക്ക് മറുപടിയായി ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ ആരോപണങ്ങൾ ഉയർന്നതിനു ശേഷമാണ് പണം നൽകിയതെന്ന് ചെക്കിന്റെ തിയതി കാട്ടി ഹൈബി ഈഡൻ എംപി രംഗത്തുവന്നതോടെ ഇതു സംബന്ധിച്ച് വീണ്ടും വിവാദങ്ങളുയർന്നു. കൊച്ചിയിൽ കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച കരുണ സംഗീത നിശ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പരിപാടില്ലെന്നായിരുന്നു ആഷിഖിന്റെ നിലപാട്. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ഫേസ്ബുക്കിൽ ആഷിഖ് കുറിച്ചു.
ഫൗണ്ടേഷൻ എന്തു തട്ടിപ്പാണ് നടത്തിയതെന്ന് തെളിയിക്കാൻ ഹൈബിയെ ആഷിഖ് വെല്ലുവിളിക്കുകയും ചെയ്തു. ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേയ്ക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥാനത്തിലാണ് തട്ടിപ്പാണെന്ന് പറയുന്നതെന്നുമാണ് ആഷിഖ് ചോദിക്കുന്നത്.
Leave a Reply