ലോക്ക്ഡൗൺ കാലമാണ്, ദുരെയെങ്ങും പോവാനാവില്ല. വീട്ടിൽ ഇരിക്കാമെന്ന് വച്ചാൽ അഞ്ച് പെൺകുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല. ശല്യത്തോട് ശല്യം. കോഴിക്കോട് കസബ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ ഉള്ളടക്കമാണിത്. തനിക്ക് ഇരിക്കപ്പൊറുതി തരാത്ത വീട്ടിലെയും അയല്‍പക്കത്തെയും അഞ്ച് പെൺകുട്ടികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് പരാതി നൽകിയതാകട്ടെ എട്ടു വയസ്സുകാരൻ.

കളിക്കാൻ കൂട്ടുന്നില്ല, കളിയാക്കുന്നു. സഹികെട്ടു. അതുകൊണ്ട് ഉടൻ അഞ്ച് പേരേയും അറസ്റ്റ് ചെയ്യണം എന്നായിരുന്നു എട്ട് വയസുകാരൻ ഉമർ ദിനാലിന്റെ പരാതി ആദ്യം പരാതി വായിച്ച് പക‍ച്ചു നിന്നു കോഴിക്കോട് കസബ പൊലീസ്. പക്ഷേ പിന്നാലെ നടപടിയിലേക്ക് കടന്നു. ഗൗരവത്തോടെ തന്നെ ഇടപ്പെട്ട പോലീസ് പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു.

പരാതി അന്വേഷിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാർ ദിനാലിന്‍റെ വീട്ടിലെത്തി. സഹോദരിയും അയൽ വീടുകളിലെയും പെൺകുട്ടികളാണ് പരാതിയിലെ പറയുന്ന ശല്യക്കാർ. ചുറ്റുവട്ടത്തെ വീടുകളിൽ എല്ലാം പെൺകുട്ടികൾ. കളിക്കാൻ ദൂരെ പോവാം എന്ന് വച്ചാൽ ലോക്ക്ഡൗൺ. ഇതിനിടെയാണ് പെൺപടയുടെ അസഹ്യമായ പെരുമാറ്റം. ഇത് ദിനാലിനെ മാനസികമായി തളർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ പോലീസിനെ സമീപിക്കുമെന്ന് ദിനാൽ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ പെൺകുട്ടികൾ നടപടി തുടർന്നു. പിന്നാലെയാണ് ദിനാൽ പോലീസിനെ തേടിയെത്തിയത്.

ഒടുവിൽ പൊലീസ് പ്രശ്നപരിഹാരവും കണ്ടെത്തി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പോലീസ് കുട്ടികളോട് നിർദേശിച്ചു. കുഴഞ്ഞ കേസായിട്ടും ദിനാലിന് ഉടൻ തന്നെ നീതി കിട്ടി. പരാതിക്കാരന് സന്തോഷം, കസബ പൊലീസും.