പാണത്തൂര്‍ ബസപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്ന് റിപ്പോര്‍ട്ട്. ഇതിനു പുറമെ, ടോപ് ഗിയറില്‍ വാഹനമിറക്കിയതും വണ്ടിയുടെ നിയന്ത്രണം വിടാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നു. സംഭവത്തില്‍, മോട്ടോര്‍ വാഹനവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏഴു പേരാണ് മരിച്ചത്. ഇറക്കം ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ആള്‍ താമസമില്ലാത്ത വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയ സര്‍ക്കാര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സബ് കളക്ടറെയും ആര്‍ടിഒയെയും ചുമതലപ്പെടുത്തിയിരുന്നു.